ദുബായ്: വാട്‌സ്ആപ്പില്‍ അയച്ച സന്ദേശത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കാഴ്ച നഷ്ടപ്പെട്ട അറബ് പ്രവാസിക്ക് ദുബായ് കോടതി 100,000 ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ചു.
ഒരു ഏഷ്യക്കാരന് വാട്‌സ്ആപ്പിലൂടെ അറബ് പ്രവാസി അപമാനകരമായ ഒരു സന്ദേശം അയച്ചു. ഇത് കണ്ട് ദേഷ്യം പൂണ്ട ഏഷ്യക്കാരന്‍ അറബ് വംശജനെ ആക്രമിക്കുകയും വലത് കണ്ണില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. ഈ ആഘാതത്തില്‍ അറബ് പ്രവാസിയുടെ റെറ്റിന വേര്‍പെട്ട് കാഴ്ച നഷ്ടപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 35 ശതമാനം കാഴ്ചാ വൈകല്യമാണ് അദ്ദേഹത്തിന് ഉണ്ടായത്.
കേസ് ദുബായ് ക്രിമിനല്‍ കോടതിയില്‍ എത്തിയപ്പോള്‍, അപമാനകരമായ സന്ദേശം അയച്ചതിന് അറബ് വംശജന് 1,000 ദിര്‍ഹം പിഴ വിധിച്ചു. ആക്രമണം നടത്തിയ വ്യക്തിക്ക് ആറ് മാസം ജയില്‍ ശിക്ഷയും നാടുകടത്തലും ലഭിച്ചു. ഈ വിധി അപ്പീല്‍ കോടതിയും പിന്നീട് മേല്‍കോടതിയും ശരിവെച്ചതോടെ അന്തിമമായി.
ക്രിമിനല്‍ കേസിന് ശേഷം, കാഴ്ച നഷ്ടപ്പെട്ടയാള്‍ സിവില്‍ കോടതിയില്‍ 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. ശാരീരിക വേദന, മാനസിക സമ്മര്‍ദ്ദം, ജോലി നഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും പരിശോധിച്ച കോടതി, ആക്രമണം ഇരയുടെ ജീവിതത്തെ മാറ്റിമറിച്ചതായി കണ്ടെത്തി. കണ്ണിനും തലയ്ക്കും ഉണ്ടായ പരിക്ക് ശാരീരിക വേദനയും മാനസിക പ്രയാസവും അപമാനവും വരുത്തി. ജോലി ചെയ്യാനുള്ള കഴിവിനെ പോലും ഇത് ബാധിച്ചതായും കണ്ടെത്തി.
നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കി കോടതി ആക്രമണകാരി 100,000 ദിര്‍ഹം നഷ്ടപരിഹാരവും വിധി അന്തിമമാകുന്ന ദിവസം മുതല്‍ അഞ്ച് ശതമാനം പലിശയും നല്‍കണമെന്ന് ഉത്തരവിട്ടു.