ഷാർജ– സുഹൃത്തിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടി വീണ്ടും യുഎഇയിലെത്തി. സുഹൃത്തും വ്യവസായിയുമായ ഗുരുവായൂർ സ്വദേശി വി.ടി സലിം ഷാർജയിൽ പുതിയതായി നിർമ്മിച്ച വീടിൻ്റെ ഗൃഹ പ്രവേശന ചടങ്ങിനാണ് താരം അതിഥിയായി എത്തിയത്. ശനിയാഴ്ചയായിരുന്നു വി.ടി സലിം വീടിൻ്റെ ഗൃഹ പ്രവേശനം. ചടങ്ങിൻ്റെ തലേ ദിവസമായ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മമ്മൂട്ടി വീട്ടിലെത്തി ആശംസ നേർന്നത്.
കുറച്ചു മാസത്തെ വിശ്രമത്തിന് ശേഷം മമ്മൂട്ടി നടത്തിയ ആദ്യ വിദേശയാത്രയാണിത്. കേരളത്തിൽ നിർധരരായ 30 ലധികം പേർക്ക് വീട് വെച്ച കൊടുത്ത സാമൂഹിക പ്രവർത്തകനും കൂടിയാണ് സലിം. അർഹതയുള്ളവരെ കണ്ടെത്താൻ വിവിധ പഞ്ചായത്ത് ഭരണസമിതികളുടേയും മറ്റും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമാണ് സലിം ഇവർക്കെല്ലാം വീട് വെച്ച് നൽകിയത്.
ഷാർജയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ.പി.സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്, മുനവ്വറലി ശിഹാബ് തങ്ങൾ, എം.എം ഹസ്സൻ , ഹൈബി ഈഡൻ എം.പി,കുഞ്ചാക്കോ ബോബൻ, രഞ്ജി പണിക്കർ, എം എ അഷ്റഫലി, ഡോ. ആസാദ് മൂപ്പൻ, ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ അൻവർ അമീൻ, റിയാസ് ചേലേരി, ലാൽ അഹമ്മദ്, എ.കെ ഫൈസൽ, ഷംസുദ്ദീൻ നെല്ലറ, പുത്തൂർ റഹ്മാൻ, നിസാർ തളങ്കര , അഡ്വ.കെ.ജി അനിൽകുമാർ, ആൻ്റോ ജോസഫ് തുടങ്ങിവിവിധ സാമൂഹിക -രാഷ്ട്രീയ- സിനിമാ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.