അബുദാബി– അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബൈയിൽ ജോലി ചെയ്യുന്ന മലയാളി പ്രവാസിക്ക് വൻ തുക സമ്മാനമായി ലഭിച്ചു. ദുബായിൽ സ്ഥിരതാമസമാക്കിയ മനോജ് നടരാജൻ (53) ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് വിൻ വിഭാഗത്തിൽ 1,50,000 ദിർഹമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ 22 വർഷമായി ദുബൈയിൽ ജോലി ചെയ്യുന്ന മനോജ്, അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞ കുറെ കാലമായി ബിഗ് ടിക്കറ്റ് എടുക്കുന്നത്. സീരീസ് 284 നറുക്കെടുപ്പിലെ നാല് വിജയികളിൽ ഒരാളായാണ് മനോജ് തിരഞ്ഞെടുക്കപ്പെട്ടത്. തികച്ചും അപ്രതീക്ഷിതമായാണ് ഈ ഭാഗ്യം തന്നെ തേടിയെത്തിയതെന്ന് മനോജ് പ്രതികരിച്ചു. ഭാഗ്യം പരീക്ഷിക്കുന്നവർ സ്ഥിരതയോടെ ശ്രമിക്കണമെന്നും ഒരിക്കൽ വിജയം തേടിയെത്തുമെന്നും മനോജ് പറഞ്ഞു. തന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണയായി ബിഗ് വിൻ വിജയികളെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് നടക്കുന്ന ഗെയിമിലൂടെ 50,000 മുതൽ 1,50,000 ദിർഹം വരെയുള്ള സമ്മാനത്തുക നിശ്ചയിക്കുകയുമാണ് പതിവ്. എന്നാൽ മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നറുക്കെടുപ്പിൽ പ്രത്യേക മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് വിജയികളായ നാലുപേർക്കും പരമാവധി സമ്മാനത്തുകയായ 1,50,000 ദിർഹം വീതം നൽകാൻ ബിഗ് ടിക്കറ്റ് അധികൃതർ തീരുമാനിക്കുകയായിരുന്നു.
അടുത്ത മാസം ഏപ്രിൽ 3-ന് നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിൽ 20 മില്യൺ ദിർഹമാണ് (ഏകദേശം 45 കോടിയിലധികം രൂപ) ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.



