ദുബായ്: കഴിഞ്ഞ ബുധനാഴ്ച രാവിലെ ചെന്നൈയിൽ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനം ഏതാണ്ട് പാതിവഴി പിന്നിട്ടപ്പോഴാണ് 35 കാരിയായ യാത്രക്കാരിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. മറ്റു യാത്രക്കാർക്കൊപ്പം വിമാനത്തിലെ ക്യാബിൻ ക്രൂവും നിസ്സഹായവസ്ഥയിലായി. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലുമുണ്ടോ എന്ന് വിമാനത്തിലെ ഉച്ചഭാഷിണിയിലൂടെ അനൗൺസ്മെന്റ് നടത്തി.
സഹായഹസതവുമായി കാസർകോട് സ്വദേശി ഡോക്ടർ ലഹൽ മുഹമ്മദ് അബ്ദുല്ല മുന്നോട്ടുവരികയും രോഗിയെ രക്ഷപ്പെടുത്തുകയും ചെയ്തു.രോഗിയുടെയും മറ്റു യാത്രക്കാരുടെയും ക്യാബിൻ ക്രൂവിൻ്റെയും നന്ദിക്കും കൃതജ്ഞത ക്കും ഡോക്ടർ അർഹനായി .നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇൻഡിഗോ ടീം കുറിച്ചതിങ്ങനെ.
“പ്രിയപ്പെട്ട സാർ, ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താങ്കളുടെ പിന്തുണക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു .ഇത് ഞങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്ന് താങ്കൾക്ക് മനസ്സിലാകണമെന്നില്ല. നിങ്ങളുടെ ജീവിതത്തിൽ ആയുരാരോഗ്യ സന്തോഷങ്ങൾ നിറയട്ടെയെന്ന് ആശംസിക്കുന്നു. ടീം. 6E 147 – പൂജ വി സച്ചു ,പിമാ പ്രീത ദുപൻസ്. “
ചെന്നൈ രാമചന്ദ്ര മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ലഹൽ റാസൽഖൈമയിലുള്ള രക്ഷിതാക്കളെ കാണാനുള്ള യാത്രയിലായിരുന്നു. റാക് അക്കാദമി – റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയാണ് ലഹൽ ചെന്നൈ രാമചന്ദ്ര മെഡിക്കൽ കോളേജിൽ ചേർന്നത്.റാക്ക് പാക്ക് എംഡിയും കാസർകോട് സ്വദേശിയുമായ ടിവി അബ്ദുല്ല -ജാസ്മിൻ അബ്ദുല്ല ദമ്പതികളുടെ മകനാണ് ഡോക്ടർ ലഹൽ മുഹമ്മദ് അബ്ദുല്ല.