റാസല്‍ഖൈമ – യുഎഇയുടെ വിവിധഭാഗങ്ങളിൽ തുടർന്ന കനത്ത മഴയിലും കൊടുംകാറ്റിലും പെട്ട് റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും റാസല്‍ഖൈമയില്‍ വ്യാപക നാശമാണുണ്ടായത്.
മഴയില്‍ നിന്ന് രക്ഷതേടി നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ അഭയം തേടിയ മലപ്പുറം നന്നമ്പ്ര കൊടിഞ്ഞി സ്വദേശി സല്‍മാന്‍ ഫാരിസ് (27) ആണ് മരണപ്പെട്ടത്.
വീശിയടിച്ച കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണ കല്ല് ദേഹത്ത് പതിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
നന്നമ്പ്ര തലക്കോട്ട് തൊഡിക സുലൈമാന്‍ – അസ്മാബി ദമ്പതികളുടെ മകനാണ്. റാസല്‍ഖൈമയില്‍ ഇസ്തംബൂള്‍ ശവര്‍മ ബ്രാഞ്ചിൽ ജോലി ചെയ്ത് വരികയായിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറയും അധികൃതരുടെയും മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു റാസല്‍ഖൈമയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ലഭിച്ച മഴയും കാറ്റും. ബുധനാഴ്ച്ച വൈകുന്നേരത്തോടെ റാസല്‍ഖൈമയിലെങ്ങും ചെറിയ തോതിൽ ചാറ്റല്‍ മഴ ലഭിച്ചിരുന്നു.
ഓള്‍ഡ് റാസ്, അല്‍ നഖീല്‍, അല്‍ മാമൂറ, അല്‍ മ്യാരീദ്, ജൂലാന്‍, അല്‍ മ്യാരീദ്, ശാം, അല്‍ജീര്‍, അല്‍ ജസീറ അല്‍ ഹംറ, അല്‍ ഗൈല്‍, ഹംറാനിയ, ദിഗ്ദാഗ, വാദി ഷൗക്ക, ഹജ്ജാര്‍ മലനിരകള്‍, ജബല്‍ ജെയ്സ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ശക്തമായ തോതിലാണ് മഴ വര്‍ഷിച്ചത്. എമിറേറ്റില്‍ ഇന്നും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നും നാളെയും മഴ തുടരുമെന്ന അറിയിപ്പും അധികൃതർ നല്‍കുന്നുണ്ട്.



