അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ സമ്മാനം നേടി വീണ്ടും മലയാളികൾ. സെൽവ ജോൺസൺ(45), സുൾഫിക്കർ പക്കാർക്കണ്ടപുരയ്ക്കൽ(39), എൽദോ തൊമ്പ്രായിൽ(29) എന്നിവരാണ് 150,000 ദിർഹം വീതം(35 ലക്ഷത്തിലേറെ രൂപ) സമ്മാനത്തിന് അർഹരായത്. കഴിഞ്ഞ 10 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന സുൽഫിക്കർ മൂന്നു വർഷമായി 12 സുഹൃത്തുക്കളോടൊപ്പം പങ്ക് ചേർന്നാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. സമ്മാനമായി കിട്ടിയ തുക സുഹൃത്തുകൾ എല്ലാവർക്കും തുല്യമായി പങ്കുവെക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.
24 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന സെൽവ ജോൺസൺ 8 വർഷമായി 10 കൂട്ടുകാരുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. രണ്ട് വർഷമായി ദുബായിലുള്ള എൽദോ എല്ലാ മാസവും ബിഗ് ടിക്കറ്റ് നറുക്കടുപ്പിൽ പങ്കെടുക്കാറുണ്ട്. സുഹൃത്തുക്കളായ 10 പേരുമായി പങ്കിട്ടാണ് ടിക്കറ്റ് എടുക്കാറുള്ളത്.