ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി, കൈന്ഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ദെയ്‌റ ന്യൂ ഗോൾഡ് സൂഖ് സിറ്റി ഗോൾഡ് പരിസരത്താണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ദുബായ് കെ എം സി സി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി യഹ്യ തളങ്കര ചെയ്യും. രക്തദാനം മഹത്തായ മനുഷ്യസേവനമാണ്. ഒരാളുടെ ചെറിയൊരു സമയം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കാരണമാകുമെന്നതിനാൽ ആരോഗ്യവാന്മാരായ എല്ലാവരും ക്യാമ്പിൽ പങ്കെടുത്ത് ജീവൻ രക്ഷിക്കുന്ന ഈ മഹത് പ്രവർത്തനത്തിന്റെ ഭാഗമാകാൻ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വർഷങ്ങളായി നടത്തിവരുന്നത്. കമ്മിറ്റിയുടെ ഭൂരിഭാഗം ഭാരവാഹികളും സ്ഥിരമായി രക്തദാനം ചെയ്യുന്നവരാണ്. പലരും ഓരോ രണ്ട് മാസത്തിലും രക്തദാനം നടത്തി സമൂഹത്തിന് മാതൃകയാകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമായ രോഗികൾക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്നതിലും, രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കമ്മിറ്റി ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്. ഈ സേവനങ്ങളെ മാനിച്ച് നിരവധി തവണ ദുബൈ ഹെൽത്ത് അതോറിറ്റിയിൽ നിന്ന് പ്രശംസാപത്രങ്ങളും അംഗീകാരങ്ങളും ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
ലോക രക്തദാന ദിനത്തിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനും രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഈ ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ ദൗത്യത്തിൽ ഏവരും പങ്കാളികളാകണമെന്നും രക്തദാനം നൽകാൻ വരുന്നവർ എമിരേറ്റ്സ് ഐ ഡി കൊണ്ട് വരണം എന്നും ഭാരവാഹികൾ അഭ്യർഥിച്ചു



