അബുദാബി: 60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മാറ്റുരച്ച അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ നടത്തിയ ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ പുരസ്കാരം മലയാളിക്ക്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ടി.എ. അൻവർ സാദത്താണ് ഒരു ലക്ഷം ദിർഹം (23.5ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം നേടിയത്.’സമാധാനം’ എന്ന പ്രമേയത്തിലാണ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പ് നടന്നത്. “മോസ്ക്സ് ആന്റ് മസ്ജിദ് “വിഭാഗം മൽസരത്തിലാണ് പുരസ്കാരം ലഭിച്ചത്. താജ്മഹലിൻ്റെ ഫോട്ടോക്കാണ് പുരസ്കാരം.

2024ല്‍ പെരുന്നാൾ ദിനത്തിലാണ് പുരസ്കാരത്തിന് അർഹമായ ‘ട്രാന്‍ക്വിലിറ്റി ഓഫ് താജ്മഹല്‍’ എന്ന ചിത്രം അന്‍വർ പകർത്തിയത്. ഇതോടൊപ്പം മറ്റ് മൂന്ന് ചിത്രങ്ങൾ മത്സരത്തിനായി നൽകിയിരുന്നു.
രണ്ടെണ്ണം താജ്മഹലിൻ്റെയുംഒന്ന് കോഴിക്കോട് മർകസ് നോളജ് സിറ്റി മസ്ജിദിന്റേതുമായിരുന്നു. ഇതിൽ താജ് മഹലിന്റെ ഫോട്ടോക്കാണ് പുരസ്കാരം കിട്ടിയത്.
മലയാളികളായ ഗുരുവായൂർ സ്വദേശി അരുൺ തരകന് നരേറ്റീവ് വിഭാഗത്തിലുംവളാഞ്ചേരി സ്വദേശി അബ്ദുൽ ഷുക്കൂറിന് ഡിജിറ്റൽ ആർട്ടിലും രണ്ടാം സമ്മാനമായി 50,000 ദിർഹം (11.70 ലക്ഷം രൂപ) ലഭിച്ചു.
നേരെത്തെ 2019ലും ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ മത്സരത്തില്‍ അൻവർ പങ്കെടുത്തിരുന്നു. ഗ്രാന്റ് മോസ്കിന്റെ ചില ചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തിരുന്നെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. ബംഗളൂരുവിൽ നിന്ന് ഫോട്ടോ ജേണലിസം പൂർത്തിയാക്കിയ അൻവർ നാട്ടിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലിചെയ്തുവരുകയാണിപ്പോൾ.
കഴിഞ്ഞ ദിവസം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽനടന്ന ചടങ്ങിൽ യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രിയും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസില്‍ നിന്ന് അൻവർ പുരസ്കാരം ഏറ്റുവാങ്ങി.