ഷാർജ – ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനുരാജൻ്റെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് മൃതദേഹം എത്തിക്കുക. കഴിഞ്ഞ മാസം 29 നാണ് ഹൃദയാഘാതം മൂലം ഷാർജയിലെ താമസ സ്ഥലത്ത് ബിനുരാജൻ മരണപ്പെട്ടത്. ഫോറൻസിക് നടപടികളിലെ കാലതാമസവും റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ കേസിനെ തുടർന്നുള്ള യാത്രാ വിലക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ഭാര്യ ശ്രീലയുടെ യാത്രക്കും തടസ്സമായി. പിന്നീട് കോടതി നടപടികൾ പൂർത്തിയാക്കി ശ്രീലയുടെ യാത്ര വിലക്ക് നീക്കുകയായിരുന്നു.
പ്രിൻ്റിംഗ് പ്രസ്സ് ഡിസൈനറായിരുന്ന ബിനു ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തികമായി തകർന്ന് പോയിരുന്നു. പ്രമേഹ രോഗ മൂലം കണ്ണിൻ്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടത് ബിനുവിനെ മാനസികമായും തളർത്തി. ഭാര്യയുടെ വരുമാനത്തെ ആശ്രമിച്ചാണ് കുടംബം മുന്നോട്ട് പോയി കൊണ്ടിരുന്നത്. പുലർച്ചെ നാട്ടിലെത്തുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. വിദ്യാർത്ഥികളായ നന്ദിനിയും നിവേതും മക്കളാണ്.