ദുബൈ– ഈ വർഷത്തെ ദുബൈ എയർഷോയിൽ ഇസ്രായിൽ കമ്പനികൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകർ വ്യക്തമാക്കി. നവംബർ 17 മുതൽ 21വരെ നടക്കുന്ന എയർഷോ വാർത്താ സമ്മേളനത്തിൽ ഇൻഫോർമയുടെ മാനേജിങ് ഡയറക്ടർ തിമോത്തി ഹോവ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും വലിയ എഡിഷനായി ഇപ്രാവിശ്യത്തെ എയർഷോയിൽ ഏകദേശം 98 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
എയർഷോയുടെ പ്രധാന ആകർഷണമാണ് പ്രതിരോധം. ഷോയുടെ 40 ശതമാനം മുതൽ 50 ശതമാനം വരെ നിറഞ്ഞു നിൽക്കും. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച പ്രതിരോധ പ്രദർശനങ്ങളുമുണ്ടാകും. 2023ൽ, ദുബൈ എയർഷോയുടെ 18ാം പതിപ്പ് 101 ബില്യൺ ഡോളറിലധികം ഡീലുകൾ നടത്തിയതായാണ് റിപ്പോർട്ട്. ഈ വർഷത്തെ ഡീലുകൾ ഇപ്പോൾ ആരംഭിച്ചതായും മാനേജിങ് ഡയറക്ടർ ഹോവ്‌സ് അറിയിച്ചു.
ഈ വർഷം ഷോയിൽ ആദ്യമായി ചൈനീസ് വിമാനങ്ങളും പ്രദർശിപ്പിക്കും. ചൈനീസ് വാണിജ്യ വിമാന നിർമ്മാതാക്കളായ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (കോമാക്) ആണ് ആദ്യമായി പ്രദർശനത്തിനെത്തുന്നത്. ബോയിംഗ്, എയർബസ്, ബോംബാർഡിയർ, എംബ്രയർ, മറ്റ് എല്ലാ കമ്പനികളുടെയും നിരവധി വിമാനങ്ങളും പ്രദർശിപ്പിക്കുമെന്ന് ഇൻഫോർമയുടെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
ഒരു ചൈനീസ് നിർമ്മാതാവ് ഈ മേഖലയിലേക്ക് ഒന്നിലധികം വിമാനങ്ങൾ പ്രദർശിപ്പിക്കാൻ വരുന്നത് ആദ്യമായിരിക്കും. അതിനാൽ, സൈനിക വിമാനങ്ങളുടെ ഒരു മികച്ച നിര തന്നെ പ്രതീക്ഷിക്കാം. കൂടാതെ വാണിജ്യ വിമാനങ്ങളുടെ ഏറ്റവും വലിയ വൈഡ്ബോഡി ഡിസ്പ്ലേ ഈ മേളയുടെ പ്രത്യേകതയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈവിധ്യമാർന്ന വിമാനങ്ങൾ കാണാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു വേദിയാണ് ദുബൈ എയർ ഷോ.