അബുദാബി: ഇന്ത്യ സോഷ്യൽ ആന്റ് കൾചറൽ സെന്റർ (ഐ.എസ്.സി) സംഘടിപ്പിക്കുന്ന പതിമൂന്നാമത് യുഎഇ ഇന്ത്യ ഫെസ്റ്റിന് ജനുവരി 24ന് തുടക്കമാകും. ഫെസ്റ്റ് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് 35,000 പേർ എത്തുമെന്നാണ് പ്രതീഷിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ തരം സ്റ്റാളുകൾ, കലാവിരുന്ന്, ഗാനമേള, വിദ്യാർഥികളുടെ എക്സിബിഷൻ തുടങ്ങിയവ പരിപാടിയുടെ ഭാഗമായുണ്ടാകും.
ഓരോ പ്രദേശത്തിന്റെയും കരവിരുതിൽ തീർത്ത ഉൽപന്നങ്ങളും വിവിധ സംസ്ഥാനങ്ങളിൽ വൈവിദ്ധ്യമാർന്ന ഭക്ഷണങ്ങളും സ്റ്റാളുകളിൽ ലഭ്യമാകും.
ദിവസേന വൈകിട്ട് 6 മുതൽ രാത്രി 12 വരെ നൃത്ത -സംഗീത വിരുന്നും അരങ്ങേറും.
ഫെസ്റ്റിനോടനുബന്ധിച്ച് മെഗാ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. 10 ദിർഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വർണമാണ് സമ്മാനം.കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്കു വീതം 8 ഗ്രാം സ്വർണ നാണയമടക്കം നിരവധി സമ്മാനങ്ങളുമുണ്ട്. വാർത്താ സമ്മേളനത്തിൽ ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ്, ഭാരവാഹികളായ രാജേഷ് ശ്രീധരൻ, ദിനേശ് പൊതുവാൾ,കെ.എം.സുജിത്ത്, അരുൺ ആൻഡ്രൂ വർഗീസ്, പ്രായോജകരായ അമൽജിത്ത് എ.മേനോൻ, ഡോ. തേജ രാമ, പി.റഫീഖ് എന്നിവർ പങ്കെടുത്തു.