ദുബൈ – ദുബൈ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് അന്താരാഷ്ട്ര കുറ്റവാളികളെ ഫ്രഞ്ച്, ബെല്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം. ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് ദുബൈ പോലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടത്തുന്ന ഫ്രഞ്ച് അധികൃതര്‍ അന്വേഷിക്കുന്ന കുറ്റവാളികളില്‍ ഒരാളെയാണ് ഫ്രാന്‍സിന് കൈമാറിയത്. സംഘടിത ക്രിമിനല്‍ ശൃംഖലയുടെ നേതാവിന്റെ പ്രധാന സഹായിയാണ് ഈ പ്രതി.
മയക്കുമരുന്ന് കടത്തിയ കേസുകളിലും, ബെല്‍ജിയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘവുമായുള്ള ബന്ധത്തിന്റെ പേരിലും ബെല്‍ജിയന്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ബെല്‍ജിയം അധികൃതര്‍ക്കും കൈമാറി.
അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയും സൗഹൃദ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണത്തിനായുള്ള സമർപ്പണവും ഈ രണ്ട് പ്രവർത്തനങ്ങളും പ്രതിഫലിപ്പിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ നീതിയും സുരക്ഷയും ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.