ദുബൈ – 50 രാജ്യങ്ങളിൽ നിന്നായി മൂന്നു കോടി കുട്ടികൾ മാറ്റുരച്ച
ലോകത്തെ ഏറ്റവും വലിയ വായനമത്സരമായ അറബിക് റീഡിങ് ചലഞ്ചിന്‍റെ 9 ാം എഡിഷൻ ഫൈനലിൽ ഇടം നേടി മലയാളി വിദ്യാർഥി. മലപ്പുറം വാണിയമ്പലം സ്വദേശി ഷറഫുദ്ദീൻ – നസീബ ദമ്പതികളുടെ മകനും മഅ്ദിൻ മോഡൽ അകാദമി വിദ്യാർഥിയുമായ മുഹമ്മദ് സാബിത്താണ് ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.
ഈ മാസം 21 മുതൽ 23 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് 1.37 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 1.12 കോടി രൂപ) രൂപയാണ് സമ്മാനം. അറബി മാതൃഭാഷയല്ലാതെ ഫൈനലിൽ ഇടം നേടിയ രണ്ടുപേരിൽ ഒരാൾ കൂടിയാണ് മുഹമ്മദ് സാബിത്.
ദുബൈയിൽ നടക്കുന്ന ചലഞ്ചിന്‍റെ അവസാനഘട്ട ജേതാക്കളെ വ്യാഴാഴ്ച യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിക്കും.
അഞ്ച് കോടി പുസ്തകങ്ങൾ വിദ്യാർഥികളെക്കൊണ്ട് വായിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നേതൃത്വത്തിൽ 2015ൽ ആരംഭിച്ചതാണ് അറബിക് റീഡിങ് ചാലഞ്ച്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ദുബൈല്‍ നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരം വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അറബി ഭാഷയുടെ പ്രചാരണത്തിനും വലിയ പങ്കുവഹിക്കുന്നു. ഇന്ത്യയിൽ നിന്ന് രണ്ടാം സ്ഥാനത്തിന് അർഹനായ മഅ്ദിൻ വിദ്യാർഥി നാസിഹ് മുഹിയുദ്ദീനും മൂന്നാം സ്ഥാനക്കാരി ന്യൂഡൽഹിയിലെ സൗദി സ്കൂൾ വിദ്യാർഥിനി അസീസ അബ്ദുൽ മജീദും സമാപന ചടങ്ങിൽ സാബിത്തിനോടൊപ്പം പങ്കെടുക്കും.



