റാസൽഖൈമ: റാക് ഹോസ്പിറ്റലിന്റെ ശരീര ഭാരം കുറക്കൽ (വെയ്റ്റ് ലോസ്) ചലഞ്ചിൽ (ആർ.ബി.ഡബ്യു.എൽ.സി) ഇന്ത്യക്കാരൻ ഓവറോൾ വിജയിയായി. ഫെബ്രുവരി 21 മുതൽ മെയ് 22 വരെ നടത്തിയ ചലഞ്ചിലാണ് ദുബായിൽ താമസിക്കുന്ന അമൃതരാജ് (31) വിജയിയായത്. 13,800 ദിർഹമാണ് സമ്മാനതുക.
225 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടായിരുന്ന അമൃതരാജ് ചലഞ്ചിലൂടെ 45.7 കിലോഗ്രാം ഭാരമാണ് കുറച്ചത്. കുറച്ച ഓരോ കിലോഗ്രാമിനും 300 ദിർഹം വീതമാണ് അമൃതരാജിന് ലഭിച്ചത്. വനിതാ വിഭാഗത്തിൽ ദുബായിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള സ്പിന ഘട്ടായി മുഹമ്മദ് യാഖൂബ് ജേതാവായി 25 കിലോഗ്രാം ഭാരം കുറച്ച് 7500 ദിർഹംമാണ് അവർ ചലഞ്ചിലൂടെ നേടിയത്. ഈ സംരംഭം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വിജയകരമായ എഡിഷനാണ് കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു. യുഎഇയിലുടനീളമുള്ള 24,289 പേർ ഈ വർഷത്തെ എഡിഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.