ദുബൈ – കൂടുതൽ ഇന്ത്യൻ സിലബസ് സ്കൂളുകൾ തുറക്കാൻ യു.എ.ഇ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ആഗോളതലത്തിൽ സി.ബി.എസ്.ഇ സിലബസിന് വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത് സി.ബി.എസ്.ഇക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ധർമേന്ദ്ര ഇക്കാര്യം അറിയിച്ചത്.
മികച്ച നിലവാരമുള്ള കൂടുതൽ ഇന്ത്യൻ സ്കൂളുകൾ യു.എ.ഇയിൽ തുറക്കാനുള്ള സാധ്യതതേടണമെന്ന് സി.ബി.എസ്.ഇ ബോർഡിനോട് ആവശ്യപ്പെടും. നിലവിൽ ഇന്ത്യയിലെ മുഴുവൻ സി.ബി.എസ്.ഇ വിദ്യാർഥികൾക്കും ആപാർ നിർബന്ധമാണ്. ആപാർ രജിസ്ട്രേഷന് ആധാർ നമ്പർ വേണമെന്ന വ്യവസ്ഥ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സി.ബി.എസ്.ഇ വിദ്യാർഥികളെയും രക്ഷിതാക്കളേയും ആശങ്കയിലാക്കിയിരുന്നു.
വിദേശത്ത് പഠിക്കുന്ന ഭൂരിഭാഗം സി.ബി.എസ്.ഇ വിദ്യാർഥികൾക്കും ആധാർ കാർഡില്ലാ എന്നത് വാർത്തയായതോടെ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ആപാർ രജിസ്ട്രേഷൻ നിർബന്ധമില്ലെന്ന് ബോർഡ് വ്യക്തത വരുത്തുകയായിരുന്നു. എന്നിരുന്നാലും ഇന്ത്യൻ വംശജരായ മുഴുവൻ വിദ്യാർഥികളെയും ആപാറിന് കീഴിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.