ദുബായ്: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ചില പ്രവാസികള്‍ തങ്ങളുടെ യാത്രാ പദ്ധതികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും പരസ്പരം വ്യോമപാതകള്‍ അടച്ചതാണ് യാത്രാ പ്രതിസന്ധിക്ക് കാരണം. പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചതിന് പിന്നാലെ, ഇന്ത്യയും മെയ് 23 വരെ പാക് വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു.
ദുബായില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയില്‍ സെയില്‍സ് മാനേജരായ ഹര്‍പ്രീത്, തന്റെ ജന്മനാടായ അമൃത്സറിലേക്ക് നടത്താന്‍ പദ്ധതിയിട്ടിരുന്ന യാത്ര റദ്ദാക്കിയതായി പറഞ്ഞു. ‘വളരെ കാലത്തിന് ശേഷം കുടുംബത്തെ കാണാന്‍ പോകാനിരുന്നതാണ്, പക്ഷേ ഇപ്പോഴത്തെ സ്ഥിതി സുരക്ഷിതമല്ല,’ ഹര്‍പ്രീത പറഞ്ഞു. ‘പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്ന പല വിമാനങ്ങളും റദ്ദാക്കപ്പെട്ടു. അല്ലെങ്കില്‍ വഴിമാറ്റി. ഇന്ത്യയും വ്യോമപാത അടച്ചതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി -ഒന്‍പത് വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുന്ന ഹര്‍പ്രീത്, മാതാപിതാക്കളെ യു.എ.ഇയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
യു.എ.ഇയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരും പാകിസ്ഥാനികളും തങ്ങളുടെ ജന്മനാടുകളിലേക്ക് പതിവായി യാത്ര ചെയ്യുന്നവരാണ്. കറാച്ചിയിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ദാനിയാല്‍ ഖാന്‍, വ്യോമപാത അടയ്ക്കല്‍ മൂലമുള്ള വിമാന സര്‍വീസ് തടസ്സങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ‘കോവിഡ് കാലത്ത് മാസങ്ങളോളം പാകിസ്ഥാനില്‍ കുടുങ്ങിയ അനുഭവം എനിക്കുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരമൊരു സാഹചര്യം വരുമോ എന്നാണ് ഭയം,’ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലേക്ക് യാത്ര പദ്ധതിയിടുന്ന അബു അല്‍ ഹസന്‍, സ്ഥിതിഗതികള്‍ വ്യക്തമാകുന്നതുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുകയാണ്. ‘സ്ഥിതി വഷളായാല്‍ യു.എ.ഇയിലേക്ക് ജോലിക്ക് തിരിച്ചെത്താന്‍ ബുദ്ധിമുട്ടാകും. എല്ലാം ശാന്തമാകുമെന്നാണ് പ്രതീക്ഷ,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടനില്‍ ജേര്‍ണലിസം പഠിക്കുന്ന ശ്രീനഗര്‍ സ്വദേശിനിയായ ഹിന, യു.എ.ഇ ഗോള്‍ഡന്‍ വിസ ഉടമയാണ്. മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ കശ്മീരിലെത്തിയ അവര്‍, ഇപ്പോള്‍ അവിടെ കുടുങ്ങിയിരിക്കുകയാണ്. ‘മെയ് 10-ന് ശ്രീനഗറില്‍ നിന്ന് ദുബായ് വഴി ലണ്ടനിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നു, പക്ഷേ എല്ലാം അനിശ്ചിതത്വത്തിലാണ്,’ ഹിന പറഞ്ഞു. എയര്‍ ഇന്ത്യയില്‍ നിന്ന് സൗജന്യ റീഷെഡ്യൂളിംഗോ റദ്ദാക്കലിനോ റീഫണ്ടോ വാഗ്ദാനം ചെയ്യുന്ന ഇമെയില്‍ ലഭിച്ചെങ്കിലും, എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കശ്മീരില്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ജനം ഭയത്തോടെ വീടുകളില്‍ കഴിയുകയാണ്. ‘ഞങ്ങള്‍ പുറത്തിറങ്ങുന്നില്ല. പുറത്ത് എന്താണ് നടക്കുന്നതെന്നോ ഇനി എന്ത് സംഭവിക്കുമെന്നോ അറിയില്ല. ഓരോ തവണ സംഘര്‍ഷം രൂക്ഷമാകുമ്പോഴും ഭയം എല്ലാവരെയും പിടികൂടുന്നു,’ ഹിന കൂട്ടിച്ചേര്‍ത്തു.