ഷാര്‍ജ– പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ നടന്നു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്റ്റര്‍ അഹമ്മദ് അല്‍സാബി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രവാസി ലീഗല്‍ സെല്‍ ദുബെ ചാപ്റ്റര്‍ അധ്യക്ഷൻ ടി. എൻ കൃഷ്ണകുമാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പിഎല്‍സി ഷാര്‍ജ-അജ്മാൻ ചാപ്റ്റര്‍ അധ്യക്ഷ ഹാജിറബി വലിയകത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാഫ് പ്രസിഡന്റ് പോള്‍ ടി ജോസഫ്, ജനറല്‍ സെക്രട്ടറി ഷൈൻ ചന്ദ്രശേഖരൻ, ട്രഷറര്‍ രാജേഷ് പിള്ളൈ, പിഎല്‍സി ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹാഷിം പെരുമ്പാവൂര്‍, ഷാര്‍ജ – അജ്മാൻ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അല്‍ നിഷാജ് ഷാഹുല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.
ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയാണ്. പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുള്‍പ്പെടെ എട്ടോളം ഗ്രന്ധങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം. പ്രവാസികളെ നിയമപരമായി കൂടുതല്‍ ശാക്തീകരിക്കാൻ ഇതുപോലെയുള്ള പ്രസിദ്ധീകരണങ്ങളും ബോധവല്‍കരണ പരിപാടികളും കൂടുതലായി, വരും ദിവസങ്ങളില്‍ നടത്തുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പറഞ്ഞു.



