ദുബായ്: രണ്ടു മാസത്തെ പരിശീലനത്തിനായി ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എസി മിലാനിലേക്ക് പോകുന്ന മലയാളി കൗമാര ഫുട്ബോൾ താരം ഐഡാൻ നദീറിന് ആശംസകൾ നേരുന്നതിന് ഫുട്ബോൾ പ്രേമികളും സംഘാടകരും ശനിയാഴ്ച ദുബായിൽ ഒത്തുചേർന്നു. തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂർ സ്വദേശികളായ നദീർ ചോലാൻ- ഷമ ദമ്പതികളുടെ മകനാണ് ഐഡാൻ.
”കിക്കിൻ ഓഫ് ടു മിലാൻ’ എന്ന പേരിൽ ദേര അബു ഹെയ്ൽ സ്പോർട്സ് ബേ അമാനയിൽ നടന്ന പരിപാടി കൈരളി ടി വി മിഡിലീസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദ്ദിൻ ഉദ്‌ഘാടനം ചെയ്തു. ഷാഫി അൽ മുർഷിദി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കൊടി മുഖ്യാതിഥിയായിരുന്നു. ഐഡാൻ നദീർ, ഐഡാന്‍റെ പരിശീലകൻ ബിദേമി മാത്യു ഒളൻലോകുൻ എന്നിവരുമായുള്ള ഹൃസ്വ സംവാദത്തിൽ പ്രമുഖ മോട്ടിവേഷണൽ പ്രഭാഷകൻ മുനീർ അൽ വഫ മോഡറേറ്ററായിരുന്നു
റിയാസ് കിൽട്ടൻ പരിശീലകൻ ബിദേമി മാത്യു ഒളൻലോകുനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പരിശീലകന്‍റെ പത്‌നി റെജിന ഖയത്തോവ, ഐഡാന് എ സി മിലാന്‍റെ ജേഴ്‌സി സമ്മാനിച്ചു. ഐഡാന്‍റെ മാതാപിതാക്കളായ നദീർ ചോലാൻ, ഷമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐഡാന് സംഘാടക സമിതിയുടെ ഉപഹാരം സത്താർ മാമ്പ്ര, റിയാസ് കിൽട്ടൻ എന്നിവർ ചേർന്ന് നൽകി. യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ 18 വയസിന് താഴെയുള്ള ഫുട്ബോൾ കളിക്കാർക്കായി നടത്തിയ സ്റ്റാർസ്പ്ലേ റിയാലിറ്റി ഷോ വിജയിച്ച ഏക താരമാണ് ഐഡാൻ നദീർ.
ദുബായിലെ അൽ നാസർ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ഐഡാൻ അണ്ടർ 18, അണ്ടർ 21 യുഎഇ ഫുട്ബോൾ ലീഗുകളിൽ രജിസ്റ്റർ ചെയ്ത കളിക്കാരനാണ്. 12 വയസ് മുതൽ ഈ കൗമാര പ്രതിഭ ക്ലബിന് വേണ്ടി കളിക്കുന്നുണ്ട്.മിലാനിൽ ക്ലബ്ബിന്‍റെ യൂത്ത് ഹോസ്റ്റലിലായിരിക്കും ഐഡാന്‍റെ താമസം. ബഷീർ ബെല്ലോ,അമൽ, ബഷീർ വാളൂർ, റഷീദ് ബ്രാനോ ,നബീൽ ഇസ്മായേൽ,ബിജു അന്നമനട,ബഷീർ ഖാദർ,ഫയാസ്,ശിഹാബ് തങ്ങൾ, സൽമാൻ, അസ്‌കർ അലി,നാസർ, ഫൈസൽ ഹബീബ്, സവാദ്, മുഹമ്മദ് റാഫി,ഫിറോസ്, കൃഷ്‌ണൻ, ജോമോൻ, ഷാജഹാൻ ഗൾഫ് ഗേറ്റ്,റോയ് റാഫേൽ,യു ബി എൽ ചെയർമാൻ ബിബി ജോൺ, ജഹാസ് എന്നിവർ ആശംസകൾ നേർന്നു. അന്നമനട സോൺ എൻ ആർ ഐ അസോസിയേഷന് വേണ്ടി ചെയർമാൻ ഷാഫി അൽ മുർഷിദിയും ലക്സോക്ക് വേണ്ടി എം ഡി റഷീദ് ബ്രാനോയും അൽ വീന പെർഫ്യൂമിന് വേണ്ടി എം ഡി റെജി അൽ വീനയും ഉപഹാരങ്ങൾ നൽകി. മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര സ്വാഗതവും ഹക്കിം വാഴക്കാല നന്ദിയും പറഞ്ഞു.