ഷാര്‍ജ: ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യ ശേഖര്‍ (30)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് സതീഷ് ശങ്കര്‍. താന്‍ കുറ്റക്കാരനല്ലെന്നും മരണത്തില്‍ സംശയകരമായ സാഹചര്യങ്ങളുണ്ടെന്നും സതീഷ് വെളിപ്പെടുത്തി. മുറിയില്‍ കത്തി, ഉപേക്ഷിക്കപ്പെട്ട കറുത്ത മാസ്‌ക്, അതുല്യയുടെ കൈവശം ഉണ്ടായിരുന്ന തന്റേതല്ലാത്ത ഒരു ബട്ടന്‍, മാറിക്കിടന്ന കട്ടില്‍ എന്നിവ സംശയം ജനിപ്പിക്കുന്നുവെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി. താന്‍ അതേ ഫാനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കാല്‍ കിടക്കയില്‍ തട്ടിയതിനാല്‍ പരാജയപ്പെട്ടുവെന്നും സതീഷ് പറഞ്ഞു. അതുല്യയെ ഉപദ്രവിച്ചിരുന്നുവെന്ന് സമ്മതിച്ചെങ്കിലും, അവള്‍ക്ക് തന്നെ വിട്ടുപോകാമായിരുന്നുവെന്നും സതീഷ് ആവര്‍ത്തിച്ചു.
”വെള്ളിയാഴ്ച അവള്‍ എന്നെ നിരവധി തവണ വിളിച്ചു. വിഡിയോ കോളില്‍ ഫാന്‍ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. ഞാന്‍ തിരികെ എത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. മുറിയില്‍ കയറിയപ്പോള്‍ അതുല്യ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ പൊലീസിനെ വിളിച്ചു. അവര്‍ വന്ന് പരിശോധന നടത്തി, എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു,” സതീഷ് വിശദീകരിച്ചു.
”അവളുടെ മരണത്തില്‍ ദുരൂഹതയുണ്ട്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അല്ലെങ്കില്‍ എന്തോ അബദ്ധം സംഭവിച്ചതാകാം. ഞാന്‍ ആ ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ കിടക്കയില്‍ തട്ടി. മുറിയില്‍ മൂന്നുപേര്‍ പിടിച്ചാലും പൊങ്ങാത്ത കട്ടില്‍ മാറിക്കിടക്കുന്നു. ഒരു കത്തിയും എട്ട് ഉപയോഗിക്കാത്ത മാസ്‌കുകളും കണ്ടു. അവളുടെ കൈയില്‍ ഒരു ബട്ടനുണ്ടായിരുന്നു, അത് എന്റേതല്ല. ഈ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കണം, ക്യാമറകള്‍ പരിശോധിക്കണം” സതീഷ് ആവശ്യപ്പെട്ടു.
അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന വാട്‌സാപ് ചാറ്റുകളും വീഡിയോകളും പുറത്തുവന്നതിനെ തുടര്‍ന്നാണ് സതീഷ് വിശദീകരണവുമായി രംഗത്തെത്തിയത്.
”ഞാന്‍ മദ്യപിക്കാറുണ്ട്, അവളെ ഉപദ്രവിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അകന്നാണ് ജീവിക്കുന്നത്. കഴിഞ്ഞ നവംബറില്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. എന്റെ അനുവാദമില്ലാതെ നാട്ടില്‍ പോയി ഗര്‍ഭം അലസിപ്പിച്ചു. തിരികെ വന്നപ്പോള്‍, ‘നിങ്ങള്‍ക്ക് 40 വയസ്സായി, ഷുഗര്‍ രോഗിയാണ്, കുഞ്ഞിനെ എങ്ങനെ നോക്കും?’ എന്നാണ് പറഞ്ഞത്.
”അവള്‍ ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ടാക്‌സിയും പണവും ക്രെഡിറ്റ് കാര്‍ഡും നല്‍കി. ഒരാഴ്ചയായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഞാന്‍ വാരാന്ത്യങ്ങളില്‍ മദ്യപിക്കാറുണ്ട്, പക്ഷേ ദിവസവും അല്ല. ഷുഗര്‍ രോഗിയായതിനാല്‍ ഞാന്‍ രണ്ടുനേരം ഇന്‍സുലിന്‍ എടുക്കുന്നു. അവള്‍ക്ക് എന്നോട് പ്രശ്‌നമുണ്ടെങ്കില്‍ ഇട്ടിട്ട് പോകാമായിരുന്നു. ഇത് ദുബായാണ്,” അവന്‍ കൂട്ടിച്ചേര്‍ത്തു.
”വെള്ളിയാഴ്ച അജ്മാനില്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിക്ക് പോയിരുന്നു. അപ്പോള്‍ അതുല്യ നിരന്തരം വിളിച്ചു. സാധാരണ അവള്‍ അങ്ങനെ ചെയ്യാറുണ്ട്. ഒടുവില്‍ വീഡിയോ കോളില്‍ ഫാന്‍ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. ഞാന്‍ ഓടി വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അവള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ പൊലീസിനെയും മറ്റുള്ളവരെയും വിവരം അറിയിച്ചു,” സതീഷ് വിശദീകരിച്ചു.
”എന്റെ അതുല്യ പോയി, ഞാനും പോകുന്നു എന്ന് പോസ്റ്റിട്ട് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരുപാട് നേരം തൂങ്ങിനിന്നെങ്കിലും ശ്രമം വിജയിച്ചില്ല. എനിക്ക് 9,500 ദിര്‍ഹം ശമ്പളമുണ്ട്, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ അവളെ ഉപദ്രവിച്ചിട്ടില്ല,” സതീഷ് വ്യക്തമാക്കി. അതുല്യയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഷാര്‍ജയിലെ ക്യാമറകള്‍ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു.