ദുബൈ– ദുബൈയിൽ ഹിന്ദു ക്ഷേത്രം താത്കാലികമായി അടച്ചു. ജബൽ അലിയിലെ ക്ഷേത്രമാണ് അടച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ക്ഷേത്രം അടച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ഷേത്രം തുറക്കില്ലെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു. ക്ഷേത്രത്തിന് അടുത്തുള്ള ഗുരുനാനാക് ഗുരുദ്വാരയും താത്കാലികമായി അടച്ചിട്ടുണ്ട്. ബർ ദുബൈയിലെ ശ്രീകൃഷ്ണ ക്ഷേത്രം ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. വിശ്വാസികളെ സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്നാണിത്.
ദേശീയ സുരക്ഷാ ഉപദേശങ്ങൾക്ക് അനുസൃതമായി മുൻകരുതൽ നടപടിയായി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ മാർച്ച് 9 ന് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിടുണ്ടായിരുന്നു. സന്ദർശകർക്ക് മുമ്പിൽ അടച്ചിട്ടിരിക്കുമെങ്കിലും, സമാധാനത്തിനും സംരക്ഷണത്തിനുമായി സ്വാമിമാർ പ്രാർത്ഥനകൾ തുടരുമെന്ന് ക്ഷേത്രം അറിയിച്ചു.



