ദുബായ്: അത്യാധുനിക സൗകര്യങ്ങളോടെ ദുബായിയിൽ ഒരുങ്ങുന്ന അൽ മക്തൂം വിമാനത്താവളത്തിൽ (DWC)യാത്രക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് ഇടനാഴിയിലൂടെയാണ് നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുക.
ദുബായിൽ നടത്തിയ എയർപോർട്ട് ഷോയിലെ ഗ്ലോബൽ എയർപോർട്ട് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കവേ, ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ഡയറക്റ്റർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിലെ വിമാനത്താവളത്തിലെ(DXB)ഇമിഗ്രേഷൻ സ്മാർട്ട് ഗേറ്റുകൾ വഴി ഒരാൾക്ക് കടന്നു പോകാൻ എടുക്കുന്ന സമയം കൊണ്ട് അൽ മക്തൂം വിമാനത്താവള സ്മാർട്ട് ടണലിലൂടെ 10 യാത്രക്കാർക്ക് കടന്നു പോകാനാകും.
കുട്ടികൾക്കായി പ്രത്യേക കൗണ്ടറുകളും അമ്മമാർക്കും പ്രായമായ യാത്രക്കാർക്കും മുൻഗണനാ സേവനങ്ങളും എയർപോട്ടിൽ ഒതുക്കിയിട്ടുണ്ട്. ബാഗേജ് കൈകാര്യം ചെയ്യുന്നത് റോബോട്ടുകളായിരിക്കും. യാത്രക്കാർ അവരുടെ കാറുകളിൽ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ, സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് വാഹനത്തിൽ നിന്ന് ലഗേജുകൾ നേരിട്ട് ചെക്ക്-ഇൻ കൗണ്ടറിലേക്ക് മാറ്റാൻ കഴിയും. ബാഗേജ് കൈപ്പറ്റുന്നതിനുള്ള രീതിയും നവീകരിക്കും. കൺവെയർ ബെൽറ്റുകൾക്ക് പകരം, യാത്രക്കാർക്ക് ബയോ മെട്രിക് ആക്സസുള്ള കിയോസ്‌ക്കുകളിൽ നിന്ന് ലഗേജ് വീണ്ടെടുക്കാൻ സാധിക്കും.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർദ്ദിഷ്ട പാസഞ്ചർ ടെർമിനൽ 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നിർമ്മിക്കുന്നത്. ഇത് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (DXB) അഞ്ചിരട്ടിയോളം വലിപ്പം വരും.