ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷന്റെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഹരീഷ് കുട്ടിയെ നിയമിച്ചു. സെറ്റ് ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തലാണ് ഇക്കാര്യം അറിയിച്ചത്. നേരെത്തെ സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്സ്യൽ ഓഫീസറായും വതാനിയ എയർവേയ്സിൽ കൊമേഴ്സ്യൽ ഡയറക്ടറായും റാക് എയർവേയ്സിൽ കൊമേഴ്സ്യൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സലാം എയറിൽ റവന്യൂ & നെറ്റ്വർക്ക് പ്ലാനിങ് ഡയറക്റ്ററായി സേവനമനുഷ്ഠിച്ച ഹരീഷ് കുട്ടി, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിന്റെ ലാഭം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എയർ അറേബ്യ, വതാനിയ എയർവേയ്സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ നിർണായക പങ്കാളിയായിരുന്നു.
ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചയ്ക്കും അതുവഴി ഇന്ത്യയിലെ മുൻനിര വിമാന കമ്പനിയാക്കി മാറ്റാനും വഴിയൊരുക്കുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു.
അടുത്ത വർഷം ആദ്യപാദത്തിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടർന്ന് രാജ്യാന്തര സർവീസും ആരംഭിക്കും. ഈ വലിയ ഉത്തരവാദിത്തം തികഞ്ഞ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നതായി ഹരീഷ് കുട്ടി പറഞ്ഞു.വരും നാളുകളിൽ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാന കമ്പനിയാക്കി എയർ കേരളയെ മാറ്റുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാൻ അഫി അഹ്മദ് , വൈസ് ചെയർമാൻ അയൂബ് കല്ലട ,കമ്പനി വക്താവ് സഫീർ മഹമൂദും എന്നിവരും പങ്കെടുത്തു.