അബുദാബി: എമിറേറ്റ്‌സ് ന്യൂസ് ഏജൻസി(വാം)യുമായി സഹകരിച്ച് അഡ്‌നെക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മൂന്നാംമത് ഗ്ലോബൽ മീഡിയ കോൺഗ്രസ് (ജി.എം.സി 2024) അബൂദബി നാഷണൽ എക്‌സിബിഷൻ സെന്‍റർ (അഡ്‌നെക്)ൽ ആരംഭിച്ചു. മൂന്ന് ദിവസം നീളുന്ന കോൺഗ്രസ് മാധ്യമ വ്യവസായത്തിലെ ഏറ്റവും പുതിയ പ്രവണതകളും അവസരങ്ങളും ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള മീഡിയ ലീഡർമാരെയും വിദഗ്ധരെയും ഇന്നോവേറ്റർമാരെയും ഒരു കുടക്കീഴിൽ കൊണ്ട് വരുന്ന രാജ്യാന്തര സമ്മേളനമാണ്.
മാധ്യമ മേഖലയിലെ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കാനും ആഗോളതലത്തിൽ നേട്ടങ്ങൾ പങ്കിടാനും അതിന്‍റെ വികസനത്തിന് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനും ജി.എം.സി ലക്ഷ്യമിടുന്നു.
നവീകരണവും സർഗാത്മകതയും വളർത്തിയെടുക്കാനും മാധ്യമ വ്യവസായത്തിൽ സജീവ പങ്ക് വഹിക്കാനും യുവാക്കളെ ശാക്തീകരിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വര ഭാഷയോടൊപ്പം ശരീര ഭാഷയും കാമറ സാങ്കേതികതയും സമന്വയിപ്പിച്ച ശില്പശാലക്ക് മീഡിയ ഇൻഫ്ലുവൻസറും ടിവി അവതാരകനുമായ അബ്ദുല്ല അൽ ബഗ്ദാദി നേതൃത്വം നൽകി.
സൈബർ സുരക്ഷാ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എ.ഐ) പങ്ക് ഉയർത്തിക്കാട്ടാനുള്ള വേദി കൂടിയായി മാറി ഗ്ലോബൽ മീഡിയ കോൺഗ്രസ് (ജിഎംസി). എ.ഐയുമായും പുത്തൻ സാങ്കേതിക വിദ്യകളുമായും ബന്ധപ്പെട്ട നിരവധി സെഷനുകളും വർക്ക് ഷോപ്പുകളും മീഡിയ കോർണറിലുണ്ടായിരുന്നു.
മാധ്യമ മേഖലയിലെ ഉള്ളടക്കം മെച്ചപ്പെടുത്താനും സമ്പുഷ്ടമാക്കാനുമാണ് എ.ഐ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ഈ സാങ്കേതിക വിദ്യ മാധ്യമ മേഖലയിൽ കാര്യക്ഷമമായും വിശ്വസനീയമായും ഉപയോഗിക്കുന്നുണ്ടെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ യു.എ.ഇ ഗവൺമെന്‍റിന്‍റെ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി അഭിപ്രായപ്പെട്ടു.
സൈബർ സുരക്ഷയും എ.ഐയും ഒരേ നാണയത്തിന്‍റെ ഇരു വശങ്ങളാണെന്നും ഇന്ന് പല മേഖലകളിലും നെടുംതൂണായി മാറിയിരിക്കുന്ന എ.ഐയ്ക്ക് സൈബർ സുരക്ഷയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ മേഖലകളിലും ആധുനിക സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തു കാട്ടി.