ദുബായ്: അക്കാഫ് ഇവെന്റ്സ് ഡാന്യൂബ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ‘അക്കാഫ് ഇവെന്റ്സ് കാമ്പസ് ഒളിമ്പിക്സ് 2026’ കായികമേള സമാപിച്ചു. യുഎഇയിലെ വിവിധ കോളേജ് അലുമിനികളിൽ നിന്നുള്ള കായികതാരങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ ചൈൽഡ്, യൂത്ത്, ക്ലാസിക്, മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് പ്ലസ് എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ളവർക്കായി പ്രത്യേക മത്സരങ്ങൾ ക്രമീകരിച്ചിരുന്നു. വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം മത്സരങ്ങളാണ് നടന്നത്. സുംബ ഡാൻസിന്റെ അകമ്പടിയോടെയാണ് കായികമേളയ്ക്ക് തുടക്കം കുറിച്ചത്.
സ്പോർട്സ് സെക്രട്ടറി ശ്യാം ചന്ദ്രഭാനു നേതൃത്വം നൽകിയ മാർച്ച് പാസ്റ്റോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പങ്കെടുക്കുന്ന ടീമുകൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു മുഖ്യാതിഥികളായ ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ, ഇന്ത്യൻ കോൺസുൽ (പാസ്പോർട്ട് വിഭാഗം) സുനിൽ കുമാർ, അക്കാഫിന്റെ ഭരണസമിതി അംഗങ്ങളും അക്കാഫ് കാമ്പസ് ഒളിമ്പിക്സ് കോർ കമ്മിറ്റി ഭാരവാഹികളും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണം കൺവീനർമാരായ നിജിത്ത്, ലീന ഷബീർ, ഷെബിൻ എന്നിവർ പരസ്പരം കൈമാറി. തുടർന്ന് ഇന്ത്യൻ കോൺസുൽ ജനറൽ (പാസ്പോർട്ട്) സുനിൽ കുമാർ, ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജന് ദീപശിഖ കൈമാറിയതോടെ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മത്സരാർത്ഥികൾ ചേർന്നൊരുക്കിയ ‘ഫ്ലാഗ് ഫോർമേഷൻ’ കാണികൾക്ക് ആവേശമായി. യു എ ഇ യുടെയും ഇന്ത്യയുടേയും ദേശീയഗാനത്തിന്റെ അകമ്പടിയോടെ, കളർ ബോർഡുകളുടെ സഹായത്തോടെ കായികതാരങ്ങൾ ഇരു രാജ്യങ്ങളുടെയും പതാകകളുടെ അതിമനോഹരമായ രൂപം സ്റ്റേഡിയത്തിൽ പുനർസൃഷ്ടിച്ചു. കായിക ഉപദേശകരായ രശ്മി ഐസക്, മുന ഉല്ലാസ് എന്നിവർ നേതൃത്വം വഹിച്ചു.
റണ്ണിംഗ് റേസ്, റിലേ, ഷോട്ട്പുട്ട്, ത്രോബോൾ, പ്ലാങ്ക് ചലഞ്ച്, ഫുട്ബോൾ, പെനാൽറ്റി ഷൂട്ടൗട്ട്, ബൗൾ ഔട്ട് തുടങ്ങി 50 ഓളം മത്സരങ്ങളാണ് ഒളിമ്പിക്സിന്റെ ഭാഗമായി നടന്നത്. എക്സ്കോം ഉല്ലാസും ജോയിന്റ് സെക്രട്ടറിയും ഉപദേശക അംഗവുമായ ഷക്കീർ ഹുസൈൻ സതീഷ്, അശ്വിൻ, മനു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ ടീം ഫൈറ്റേഴ്‌സ് റണ്ണർ അപ്പ് ആയി. പൂർവ്വവിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് കാമ്പസ് കാലത്തെ ഓർമ്മിപ്പിക്കുന്ന കായികാവേശമാണ് ദുബായിൽ ഉയർന്നത്.
ഇതൊരു തുടക്കം മാത്രമാണെന്നും, വരും കൊല്ലങ്ങളിൽ ക്യാമ്പസ് ഒളിമ്പിക്സ് കൂടുതൽ മികവോടെ തുടരുമെന്നും അക്കാഫ് ഭാരവാഹികളായ ചാൾസ് പോൾ, ഷാഹുൽഹമീദ്, വി എസ് ബിജു കുമാർ , ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ്‌മാരായ ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വനിതാ വിംഗ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി എന്നിവർ സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തുകൊണ്ട് പറഞ്ഞു.



