ദുബായ്: ദുബായിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗാർഡൻ ഗ്ലോ പുതിയസ്ഥലത്തേക്ക് ഉടൻമാറ്റുമെന്ന് അധികൃതർ എക്സിലൂടെ അറിയിച്ചു. 2015-ലാണ് സബീൽ പാർക്കിൽ ഗാർഡൻ ഗ്ലോ പ്രവർത്തനമാരംഭിച്ചത്.
വിസ്മയക്കാഴ്ചകളുടെ വർണക്കൊട്ടാരമായ ദുബായ് ഗാർഡൻ ഗ്ലോയുടെ 10-ാം പതിപ്പ് അടുത്തിടെയാണ് സമാപിച്ചത്.
ഗാർഡൻ ഗ്ലോ ടിക്കറ്റെടുത്താൽ സബീൽ പാർക്കിലെ ദിനോസർ പാർക്കും സന്ദർശിക്കാമെന്നതായിരുന്നു സവിശേഷത. എൽഇഡി ലൈറ്റുകളിൽ നിറങ്ങൾ ഉപയോഗിച്ച് സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ് ഗാർഡൻ ഗ്ലോ സമ്മാനിച്ചത്. മൃഗങ്ങൾ, പൂക്കൾ, പക്ഷികൾ എന്നിവയെല്ലാം വൈവിധ്യമാർന്ന നിറങ്ങളിലും രൂപങ്ങളിലും ജ്വലിച്ച് നിൽക്കുന്നത് അപൂർവക്കാഴ്ചകളായിരുന്നു.
ഗാർഡൻ ഗ്ലോ പുനരാരംഭിക്കുന്ന തീയതിയും സ്ഥലവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സബീൽ പാർക്ക് വലിയൊരു നവീകരണത്തിനായി തയ്യാറെടുക്കുന്നതിനാലാണ് ദിനോസർ പാർക്ക് ഉൾപ്പടെയുള്ള വിനോദകേന്ദ്രം പുതിയസ്ഥലത്തേക്ക് മാറ്റുന്നത്. സബീൽ പാർക്കിൽ 100 മീറ്റർ ഉയരത്തിൽ തെർമ് ദുബായ് റിസോർട്ട് പദ്ധതി നടപ്പാക്കുമെന്ന് ഈ വർഷം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റിസോർട്ട് 2028-ൽ ദുബായിൽ യാഥാർഥ്യമാകും.