ദുബായ്: പൊതുമാപ്പ് പ്രയോജനപ്പെടുത്തി യു.എ.ഇ.യിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന അർഹരായവർക്ക് സൗജന്യമായി വിമാന ടിക്കറ്റ് നൽകുമെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തുംഇന്ത്യൻ അസോസിയേഷനുകൾ വഴിയാണ് ഫണ്ടിൽനിന്ന് സഹായം നൽകുക.
ഇന്ത്യൻ സംഘടനകൾ മുഖേന സമീപിക്കുന്ന അർഹരായവർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫണ്ട്(ഐ.സി.ബി.എഫ്)ൽ നിന്നും സൗജന്യ വിമാന ടിക്കറ്റുകൾ നൽകുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു. കോൺസുലേറ്റ് ജനറൽ ആസ്ഥാനത്തെ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ച് നാട്ടിൽ പോകുന്നവർക്ക് എയർ ഇന്ത്യ 25 ശതമാനം നിരക്കിളവ് അനുവദിക്കുന്നതാണ്. ഇൻഡിഗോ എയർലൈൻസും ഒരോ സെക്ടറിനനുസരിച്ച് ഇളവുകൾ നൽകും.
പൊതുമാപ്പുമായി ബന്ധപ്പെട്ട് 4,000ത്തിലധികം അപേക്ഷകൾ ലഭിച്ചുവെന്ന് സതീഷ് കുമാർ ശിവൻ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 900 എമർജൻസി സർട്ടിഫിക്കറ്റുകളും, ഹ്രസ്വ കാലാവധിയുള്ള 600ലധികം പാസ്‌പോർട്ടുകളും, 550 എക്സിറ്റ് പെർമിറ്റുകളും നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
2024 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെയുള്ള പൊതുമാപ്പ് ആവശ്യമുള്ളവർ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇതൊരു സുവർണാവസരമാണ്. ഇനിയൊരവസരം ഉണ്ടാകുമെന്നു കരുതി ആരും കാത്തിരിക്കരുത്. ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ കോൺസുലേറ്റിൽ തങ്ങൾ സദാ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി തങ്ങളുടെ താമസം നിയമ വിധേയമാക്കുന്നവർക്ക് ജോലി നൽകാൻ വിവിധ കമ്പനികളുടെ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. മെക്കാനിക്കുകൾ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, എച്ച്.പി.എ.സി ടെക്നീഷ്യന്മാർ തുടങ്ങിയ സ്‌കിൽഡ് ആയവർക്കും അല്ലാത്തവർക്കുമായി 3,000ത്തോളം ജോലി ഒഴിവുകൾ ഇപ്പോഴുണ്ട്.
ഫെസിലിറ്റേഷൻ കൌണ്ടർ, അപേക്ഷാ കൌണ്ടർ, ഫയലിംഗ് സെന്റർ എന്നിവയടക്കം നാല് വിഭാഗങ്ങളാണ് കോൺസുലേറ്റിലെ പൊതുമാപ്പ് സേവന ഹാളിലുള്ളതെന്ന് കോൺസൽ ജനറൽ പറഞ്ഞു. കോൺസുലേറ്റ് മാർഗനിർദേശത്തിൽ വിവിധ സംഘടനാ വളണ്ടിയർമാർ ഇവിടെ സേവനം ചെയ്യുന്നു.
കോൺസുലേറ്റിലേ വൺസ്‌റ്റോപ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്ക് സർവിസ് ചാർജില്ലെന്നും അദ്ദേഹം വിശദീകരിച്ചു.ക്രിമിനൽ കേസുള്ളവർക്കും, ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതയുള്ളവർക്കുമൊഴികെ പൊതുമാപ്പ് ലഭിക്കും. നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെയും, ശനിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 3 മണി വരെയും കോൺസുലെറ്റിലെത്താം. അടിയന്തര സേവനം വേണ്ടവർക്ക് ഞായറാഴ്ചയും തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (പി.ബി.എസ്.കെ) ഹെൽപ്പ്ലൈനുമായി 800-46342 എന്ന നമ്പറിൽ എല്ലാ ദിവസവും 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ് എന്നും സതീഷ് കുമാർ ശിവൻ പറഞ്ഞു.