ദുബായ്: ഫോബ്സ് ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാം സ്ഥാനത്ത്. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ ആസ്തി.
ഇന്ത്യൻ സമ്പന്നരിൽ 32-ാം സ്ഥാനത്തുള്ള അദ്ദേഹം ലോക പട്ടികയിൽ 639-ാം സ്ഥാനത്താണ്.
34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്ക്കാണ് ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്ത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവിമാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്.
ഓറക്കിളിന്‍റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്‍റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.
9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്നരുടെ പട്ടികയിൽ 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ എന്നിവരാണ് ഇന്ത്യക്കാരുടെ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയത്. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാർമ മേധാവി ദിലീപ് സംഘ്‌വി തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.
ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ),
കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി. ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.