ദുബൈ– ഇറാനിൽ സർക്കാർ വിരുദ്ധ ജനകീയ സംഘർഷങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് ഇറാനിലേക്കുള്ള വിമാന സർവീസുകൾ വിവിധ വിമാന കമ്പനികൾ റദ്ദാക്കി. ദുബൈ എയർപോർട്ട്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, വെള്ളിയാഴ്ച ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത ആറോളം വിമാനങ്ങളുടെ സർവീസ് റദ്ദാക്കി. ഇറാനിലെ പ്രധാന എയർപോർട്ടുകളായ തെഹ്‌റാൻ, ഷിറാസ്, മഷ്ഹദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയിട്ടുണ്ട്. ഈ നടപടിക്ക് ഔദ്യോഗിക കാരണങ്ങളൊന്നും നൽകിയിട്ടില്ല. സർവീസുകൾ റദ്ദാക്കിയത് ബാധിച്ച യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടോ എന്നതിനെ കുറിച്ച് ഉടനടി വ്യക്തതയില്ല. ഇന്ന് ഇറാനിലേക്കുള്ള എല്ലാ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകളും റദ്ദാക്കിയതായി ഫ്‌ളൈ ദുബൈ പ്രസ്താവനയിൽ പറഞ്ഞു. ഷാർജയിൽ നിന്ന് ഇറാൻ നഗരങ്ങളിലേക്കുള്ള ഏതാനും ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ എയർ അറേബ്യയും റദ്ദാക്കി.
പ്രാദേശിക രാജ്യങ്ങളിൽ നിന്ന് ഇറാനിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടിട്ടുണ്ട്. ഇസ്താംബൂൾ എയർപോർട്ട് മൊബൈൽ ആപ്ലിക്കേഷൻ അനുസരിച്ച്, തുർക്കി എയർലൈൻസ് തെഹ്‌റാനിലേക്കുള്ള അഞ്ച് വിമാന സർവീസുകളും ഇന്ന് റദ്ദാക്കി. ഇറാനിയൻ എയർലൈൻസ് തുർക്കിയിലേക്ക് നടത്തുന്ന അഞ്ച് അധിക വിമാന സർവീസുകളും റദ്ദാക്കിയതായും തെഹ്‌റാനിലേക്കുള്ള മറ്റ് ഏഴ് വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തതായും ഇസ്താംബൂൾ എയർപോർട്ട് മൊബൈൽ ആപ്ലിക്കേഷൻ കണിച്ചു.
ജീവിതച്ചെലവ് വർധിച്ചതിനെ തുടർന്ന് അലി ഖാംനഇ നയിക്കുന്ന അധികാരികൾക്ക് കാര്യമായ വെല്ലുവിളി ഉയർത്തിയ ഇറാനിലെ സ്ഥിതിഗതികളെ കുറിച്ച് തുർക്കി അധികൃതർ ഇതുവരെ പരസ്യമായ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ല. ജൂണിൽ ഇസ്രയിലുമായുള്ള സംഘർഷത്തിന്റെ ആഘാതവും വർഷങ്ങളായി തുടരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇറാനിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. തെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ്, മഷ്ഹദ് തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 31 പ്രവിശ്യകളിലും പ്രകടനങ്ങൾ വ്യാപിച്ചിരിക്കുന്നു. ഡിസംബർ അവസാനം ആരംഭിച്ച അശാന്തി കൂടുതൽ മൂർഛിക്കുകയാണ്.
കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങൾ ഇറാന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, വൻതോതിലുള്ള പണപ്പെരുപ്പം, ഇറാൻ റിയാലിന്റെ കുത്തനെയുള്ള മൂല്യത്തകർച്ച എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ജീവിത നിലവാരം കുറയുന്നതിലും വാങ്ങൽ ശേഷി കുറയുന്നതിലും ഇറാനികൾ നിരാശരാണ്. ഏകോപനവും വിവര വ്യാപനവും പരിമിതപ്പെടുത്താനുള്ള ശ്രമമായി, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ രാജ്യവ്യാപകമായി ഇന്റർനെറ്റ്, മൊബൈൽ നെറ്റ്വർക്കുകൾ തടഞ്ഞതിലൂടെ എല്ലാ തരത്തിലുമുള്ള ആശയവിനിമയം തടസ്സപ്പെട്ടു.



