ഷാർജ: ഷാർജയിലെ അൽ മജാസ് 2 പ്രദേശത്തെ അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 46 വയസ്സുള്ള ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. തന്റെ വീട്ടിൽ ഒരു പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
രാത്രി 10:45 ഓടെ 11 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. അടിയന്തര കോൾ ലഭിച്ചതിനെത്തുടർന്ന് സിവിൽ ഡിഫൻസ് ടീമുകളും പോലീസും നാഷണൽ ആംബുലൻസും വേഗത്തിൽ സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി.
കെട്ടിടത്തിന്റെ ഓരോ നിലയിലും 12 അപ്പാർട്ട്മെന്റുകളുണ്ട്, എന്നാൽ മരിച്ച സ്ത്രീയുടെ യൂണിറ്റിന് മാത്രമേ തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ. തീ പെട്ടെന്ന് നിയന്ത്രിക്കാൻ കഴിഞ്ഞത് വഴി മറ്റു ഫ്ലാറ്റിലേക്കുള്ള തീപ്പിടിത്തം തടയാൻ അധികൃതർക്ക് സാധിച്ചു. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാകുന്നതുവരെ താമസക്കാർ അവരുടെ അപ്പാർട്ട്മെന്റുകളിൽ വീണ്ടും പ്രവേശിക്കുന്നത് തടയാൻ, മുൻകരുതൽ എന്ന നിലയിൽ, എട്ടാം നില മുഴുവൻ അധികൃതർ അടച്ചുപൂട്ടി. തീപിടിത്തത്തിന്റെ കൃത്യമായ കാരണവും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.