അബുദാബി/ദുബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി ഗൾഫ് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപ എന്ന മികച്ച നിരക്ക് ലഭിച്ചതോടെ എക്സ്ചേഞ്ചുകളിലും ധനവിനിമയ സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചു. 28ന് രാത്രി 23.85 രൂപയായിരുന്ന നിരക്ക് മണിക്കൂറുകൾക്കുള്ളിൽ 16 പൈസ വർധിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി ഉറ്റവരുടെ ഓണാഘോഷം ഉഷാറാക്കാനാണ് മലയാളികളുടെ കണക്കുകൂട്ടൽ.
ശമ്പളം ലഭിക്കുന്ന സമയവും വാരാന്ത്യവും ഒത്തുചേർന്നതോടെ ധനവിനിമയ സ്ഥാപനങ്ങൾക്ക് ബിസിനസ് വർധിച്ചു. ബോട്ടിം (24.01 രൂപ), ഇത്തിസലാത്തിന്റെ ഇ-മണി (23.95 രൂപ) തുടങ്ങിയ ഓൺലൈൻ ആപ്പുകൾ സൗജന്യമോ നാമമാത്ര ഫീസോ ഈടാക്കി തത്സമയ പണമിടപാട് നടത്തുന്നതിനാൽ ജനപ്രിയമായി.
എന്നാൽ, ചില എക്സ്ചേഞ്ചുകൾ 23 ദിർഹം (552 രൂപ) സേവന ഫീസ് ഈടാക്കുന്നുണ്ട്, ഇടത്തരക്കാർ പണം സ്വരൂപിച്ച് മെച്ചപ്പെട്ട നിരക്കിൽ ഒറ്റത്തവണ അയയ്ക്കുകയാണ് ചെയ്യുന്നത്. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാൽ എക്സ്ചേഞ്ചുകൾക്ക് മുൻഗണന നൽകുന്നവരുമുണ്ട്.
രൂപയുടെ മൂല്യശോഷണം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പണം മൂന്ന് ഭാഗമാക്കി ഘട്ടംഘട്ടമായി അയയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദേശിച്ചു. ഡോളർ ശക്തമാകുന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിയുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്.
വിനിമയ നിരക്ക് (രൂപയിൽ):
- യുഎഇ ദിർഹം: 24.01
- ഖത്തർ റിയാൽ: 24.22
- സൗദി റിയാൽ: 23.49
- ഒമാൻ റിയാൽ: 229.34
- ബഹ്റൈൻ ദിനാർ: 233.88
- കുവൈത്ത് ദിനാർ: 288.52