ദുബൈ– ദേശീയദിനാഘോഷ പരിപാടിയില്‍ വാള്‍ വീശിയ പ്രവാസി യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയുടെ 54 -ാമത് ദേശീയ ദിനാഘോഷത്തിനിടെ അല്‍ഫിഖൈത്തില്‍ ഒരുസംഘം യുവാക്കള്‍ക്കിടയില്‍ യുവതി വാള്‍ വീശുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഫുജൈറ പോലീസ് അന്വേഷണം നടത്തി 23 കാരിയായ മൊറോക്കന്‍ യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയദിനാഘോഷ പരിപാടിക്കിടെ വാളേന്തി നടന്ന മൊറോക്കന്‍ യുവതി ഏഷ്യന്‍ വംശജനെ കുത്തിപ്പരിക്കേല്‍പിച്ചതായി വിവരമുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
യുവതിയുടെ പ്രവൃത്തി അപകടകരവും നിയമത്തിന്റെയും ലംഘനവുമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരം പെരുമാറ്റം പൊതുസുരക്ഷക്ക് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായും ദേശീയ ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്ന പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വകുപ്പുകള്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും നിയമവിരുദ്ധമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫുജൈറ പോലീസ് ഡെപ്യൂട്ടി ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ബിന്‍ നായിഫ് അല്‍തനൈജി പറഞ്ഞു. സമൂഹത്തെ സംരക്ഷിക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക, ദേശീയ ആഘോഷങ്ങള്‍ക്കിടെ യു.എ.ഇയുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് ബിന്‍ നായിഫ് അല്‍തനൈജി കൂട്ടിച്ചേര്‍ത്തു.



