അബുദാബി : വിദേശകാര്യരംഗത്തെ പ്രവർത്തനമികവിന് ഇന്ത്യക്ക് യു.എ.ഇ.യുടെ രണ്ട് പുരസ്കാരങ്ങൾ. എംബസിയുടെയും കോൺസുലേറ്റിന്റെയും വിഭാഗത്തിലാണ് പുരസ്കാരം. രണ്ടുവിഭാഗത്തിലും പുരസ്കാരം ലഭിച്ച ഏകരാജ്യം ഇന്ത്യയാണ്.
അബുദാബിയിൽ നടന്ന അഞ്ചാമത് വിദേശകാര്യ എക്സലൻസ് അവാർഡ്‌സിൽ യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനിൽനിന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്‌കുമാർ ശിവൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഇന്ത്യ-യു.എ.ഇ. ബന്ധം ശക്തിപ്പെടുത്തുന്നതിലും യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമകാര്യങ്ങളിലും എംബസിയുടെയും കോൺസുലേറ്റിന്റെയും പ്രവർത്തനമികവിനുള്ള അംഗീകാരമാണിത്. കൂടാതെ യു.എ.ഇ. വിദേശകാര്യമന്ത്രാലയത്തിന് എംബസിയും കോൺസുലേറ്റും നൽകുന്ന പിന്തുണയും പുരസ്കാരത്തിന് കാരണമായി.