ദുബൈ– ജർമ്മൻ ഫുട്ബോൾ പ്രതാപികൾ ആയ ബയേൺ മ്യൂണിക്കുമായി എമിറേറ്റ്സ് എയർലൈൻ പ്ലാറ്റിനം കരാറിൽ ഒപ്പുവെച്ചു. 7 വർഷത്തെ പ്ലാറ്റിനം പാർട്ണറായി രണ്ടാംതരം സ്പോൺസർഷിപ്പ് കരാറിലാണ് ജർമ്മൻ ഫുട്ബോൾ ക്ലബും എമിറേറ്റ്സ് എയർലൈനും കൈകോർത്തത്.
മുമ്പ് ക്ലബിന്റെ ജേഴ്സി സ്പോൺസർഷിപ്പിനായി എമിറേറ്റ്സ് മുന്നോട്ട് വന്നെങ്കിലും അത് നടന്നിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉടമ്പടി.
ബയേണിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, എമിറേറ്റ്സ് ഇനി പ്ലാറ്റിനം പാർട്ണറായി 2031-32 സീസൺവരെ തുടരും. വാർഷികമായി ഏകദേശം €5 മില്യൺ (ഏകദേശം ₹46 കോടി) വരുന്ന മൂല്യമുള്ളതാണിതെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തു.
- കരാരിൽ ഉൾപ്പെടുത്തുന്നത്:
- ബയേൺ മ്യൂണിക്കിന്റെ സ്റ്റേഡിയമായ അലിയാൻസ് അരീനയിൽ എമിറേറ്റ്സിന്റെ പരസ്യങ്ങൾ
- സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സംയുക്ത കാമ്പെയിനുകൾ
മുൻ ജേഴ്സി സ്പോൺസറായ ഡോയ്ച് ടെലികോമിന്റെ സ്ഥാനത്ത് എത്താൻ എമിറേറ്റ്സ് ശ്രമിച്ചെങ്കിലും ക്ലബ് അതിനെ അംഗീകരിച്ചിരുന്നില്ല. നിലവിൽ, ടെലികോമുമായി വാർഷികമായി €65 മില്യൺ (₹600 കോടിയിലധികം) പ്രതീക്ഷിക്കുന്ന ഒരു വിപുല കരാർ ബയേൺ മുന്നോട്ടുകൊണ്ടുപോകുകയാണ്.
2023-ൽ ഖത്തർ എയർവേയ്‌സുമായുള്ള കരാർ അവസാനിച്ച ശേഷം, ബയേണുമായി കരാർ നടത്തുന്ന ആദ്യ എയർലൈൻ എമിറേറ്റ്സാണ്. ഖത്തർ എയർവേയ്‌സിന്റെ €20 മില്യൺ മൂല്യമുള്ള കരാർ, ക്ലബ്ബിന്റെ പ്രധാന സ്പോൺസർഷിപ്പായിരുന്നു.
എമിറേറ്റ്സ് ഇനി ബയേണിന്റെ പ്രധാന സ്പോൺസർമാരായ ഡോയ്ച് ടെലികോം, അഡിഡാസ്, അലിയൻസ്, ഓഡി എന്നിവയ്ക്കടിയിലെ രണ്ടാംതരം പാർട്ണർഷിപ്പ് തലത്തിൽ എത്തുകയാണ്.
ക്ലബ്ബിന്റെ മറ്റ് പ്ലാറ്റിനം പാർട്ണർമാർ:
ബെറ്റാനോ, ബിറ്റ്പാണ്ട, ഈ.എ. സ്‌പോർട്സ്, ഐൻഹെൽ, പൗളാനർ, വിസിറ്റ് റുവാണ്ട, ശ്വാർസ്സ് ഡിജിറ്റ്സ്, വിയസ്‌മാൻ, വോൾക്‌സ്‌ബാങ്ക് എന്നിവരാണ്.
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ എമിറേറ്റ്സിന്റെ സാന്നിധ്യം വളരെ ശക്തമാണ്. റയൽ മാഡ്രിഡ്, ആഴ്‌സനൽ, എസി മിലാൻ, ബെൻഫിക്ക, ഒളിംപിക് ലിയോൺ എന്നിവയുടെ ജേഴ്സി സ്പോൺസറായി കമ്പനിക്ക് നിലനില്പുണ്ട്.