ഷാർജ: രണ്ടാഴ്ച മുമ്പ് ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ എംബാമിങ് നടപടികൾ പൂര്‍ത്തിയായി. മൃതദേഹം ഇന്ന് വൈകിട്ട് യു.എ.ഇ സമയം 5.45നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഷാർജയിലെ ഫോറൻസിക് ലാബിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികൾ പൂർത്തിയാക്കിയത്. ഭർത്താവ് നിതീഷും വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും എംബാമിങ് കേന്ദ്രത്തിൽ എത്തിയിരുന്നു.
വിപഞ്ചികയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരെത്തെ ദുബായ് ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിൽ സംസ്കരിച്ചു. തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്നത് നിതീഷിന്‍റെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്.