അബുദാബി: നാട്ടിൽ ഏത് തെരെഞ്ഞെടുപ്പ് വന്നാലും അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ ഏറ്റെടുക്കുന്നവരാണ് പ്രവാസികൾ. ഇത്തവണ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിനോടകംതന്നെ പല പ്രവാസി സംഘടനകളും പ്രവാസലോകത്ത് നിന്ന് തങ്ങളുടെ സ്ഥാനാർത്ഥികൾക്കായുള്ള പ്രചരണ പ്രവർത്തങ്ങൾ തുടങ്ങിക്കഴിഞ്ഞു.
മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി യുടെ നേതൃത്വത്തിൽ വിപുലമായ പ്രചരണ പ്രവർത്തങ്ങളാണ് നടന്നുവരുന്നത്. തങ്ങളുടെ വീട്ടിലെ വോട്ടുകൾ ഉറപ്പിക്കുന്നതിനോടൊപ്പം സോഷ്യൽ മീഡിയ പ്രചാരണ ക്യാമ്പയിനും ഏറ്റെടുത്തിരിക്കുകയാണ് കെ.എം.സി.സി പ്രവർത്തകർ.
അബുദാബി പാലക്കാട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംസ്ഥാന – ജില്ലാ – നിയോജക മണ്ഡലം – മുനിസിപ്പൽ – പഞ്ചായത്ത് കെ എം സി സി നേതാക്കളും, ഭാരവാഹികളും അണിനിരന്ന് യു.ഡി. എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനായി പോസ്റ്റർ പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. വരും ദിവസങ്ങളിലും വിവിധ ഘടകങ്ങളുടെ കീഴിൽ വയനാട്, ചേലക്കര മണ്ഡലങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ ഉഷാറാക്കാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ് പ്രവർത്തകർ.