ദുബായ്: യുഎഇ,സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്ന പ്രൊഫസര്‍ കെ കെ അബ്ദുല്‍ ഗഫാര്‍ നാട്ടിൽ അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ കാരണമായിരുന്നു മരണം. ഖബറടക്കം കാസര്‍ഗോഡ് ചൗക്കി കുന്നില്‍ റിഫായ് മസ്ജിദില്‍ ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് ശേഷം. സാങ്കേതിക വിദഗ്ദനും എഞ്ചിനീയറും എഴുത്തുകാരനുമായിരുന്നു. കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചു. മംഗലാപുരത്തെ ആശൂപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അജ്മാനിലെ പ്രമുഖ മെഡിക്കൽ സർവകലാശാലയായ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ സീനിയർ ഡയറക്ടറായും കമ്മീഷനിങ് ലീഡായും ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൗദി അരാംകോ ടെക്നിക്കൽ സർവീസസ് കമ്പനിയിൽ കൺസൾട്ടന്റ് എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), കൊല്ലം ടി കെ എം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽപ്രഫസറായും വകുപ്പ് മേധാവിയായുംകർണാടക ഭട്കൽ അൻജുമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് പ്രിൻസിപ്പലായും
അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരനും കൂടിയായ അദ്ദേഹത്തിന്റെ ആത്മകഥ ‘ഞാൻ സാക്ഷി’ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയാണ് പ്രകാശനം ചെയ്തത്.
ജമീല ഷംനാട് ആണ് ഭാര്യ. ഡോ. ഫരീദ ഗഫാര്‍ ( ദുബായ് ), ഡോ. ജമാലുന്നിസ ഗഫാര്‍ (ദുബായ് ), ഷഹനാസ് ഗഫാര്‍ (എഞ്ചിനീയര്‍, ഖത്തര്‍ ), ഡോ. ഷാജിര്‍ ഗഫാര്‍ (ദുബായ്) എന്നിവര്‍ മക്കളാണ്.



