ദുബായ് – ദുബൈയിൽ ഷെയറിങ് താമസത്തിന് പുതിയ നിയമം വരുന്നു. താമസ സ്ഥലങ്ങൾ പങ്കിട്ട് നൽകാൻ മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കും. കെട്ടിടത്തിൻറെ ഉടമക്കോ ചുമതലപ്പെടുത്തുന്ന കമ്പനിക്കോ മാത്രമായിരിക്കും ഇതിന് അനുമതി ലഭിക്കുക.
ഈ നിയമപ്രകാരം താമസയൂനിറ്റുകൾ ഷെയറിങ് താമസത്തിന് വിട്ടുനൽകാൻ വ്യക്തികളും സ്ഥാപനങ്ങളും മുൻകൂർ പെർമിറ്റ് നേടിയിരിക്കണം. ഒരു വർഷത്തേക്കും രണ്ട് വർഷത്തെക്കും അനുമതി ലഭിക്കും. കെട്ടിടം വാടകക്കെടുത്തവർക്ക് സ്ഥലം മറ്റുവള്ളവർക്ക് മറിച്ച് വാടകക്ക് സബ് ലീസ് ചെയ്യാൻ അനുമതി ലഭിക്കില്ല. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
താമസകെട്ടിടങ്ങളുടെ ദുരുപയോഗം ഒഴിവാക്കാനും, ആളുകൾ തിങ്ങി താമസിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം. തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ലേബർക്യാമ്പുകൾ ഒഴികെയുള്ള താമസസ്ഥലങ്ങൾക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും.
നിലവിൽ ഷെയറിങ് താമസമുള്ള സ്ഥലങ്ങൾ നിയമപരമാക്കാൻ ഒരുവർഷം സമയം അനുവദിക്കും.നിയമം ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഇതുസംബന്ധിച്ച തർക്കങ്ങൾ ദുബൈ വാടക തർക്ക പരിഹാര കേന്ദ്രമാണ് തീർപ്പാക്കുക.



