ദുബൈ – മാറുന്ന ലോകത്തെ പുത്തൻ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും കൃത്യമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഗൈഡൻസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് അക്കാദമിക് എക്സലൻസ് പ്രോഗ്രാം ശ്രദ്ധേയമായി. അബുഹൈൽ കെഎംസിസി ഓഡിറ്റോറായതിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ദുബൈ കണ്ണൂർ ജില്ലാ കെ എം സി സി ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസി സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്തെ പുതിയ സാഹചര്യങ്ങളിൽ മലയാളി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്തും കരിയർ തിരഞ്ഞെടുപ്പിലും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. സിജി സീനിയർ കൗൺസിലർ ഡോ. ഷരീഫ് പൊവ്വൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി സംസ്ഥാന ട്രഷറർ പി കെ ഇസ്മായിൽ വിശിഷ്ടാതിഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.
അക്കാദമിക് രംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിന്നുള്ള എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച നൂറോളം വിദ്യാർത്ഥികളെ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, ഗൈഡൻസ് വിങ് ചെയർമാൻ ബഷീർ കാവുംപടി, ജില്ലാ ആക്ടിങ് പ്രസിഡന്റ് ജാഫർ മാടായി, നൗഫൽ പൂഴാതി, ജില്ലാ വനിതാ വിങ് പ്രസിഡന്റ് അസ്മിന അഷ്‌റഫ്, ട്രഷറർ ഷകീല സഗീർ പ്രസംഗിച്ചു. ജില്ലാ കെഎംസിസി ഭാരവാഹികളായ എൻ യു ഉമ്മർ കുട്ടി, റഫീഖ് കോറോത്ത്, മുനീർ ഐക്കോടിച്ചി, അലി ഉളിയിൽ, ഷംസീർ അലവിൽ, തൻവീർ എടക്കാട്, സലാം എലാംകോട് എന്നിവർ സംബന്ധിച്ചു.



