ദുബായ്: ജോലി സമയവും തൊഴിൽ നയങ്ങളും പുനഃക്രമീകരിച്ച് തിരക്കുള്ള സമയങ്ങളിലെ ഗതാഗത കുരുക്കഴിക്കാൻ ശ്രമം. ഗതാഗതം സുഗമമാക്കാൻ സൗകര്യപ്രദമായ പ്രവൃത്തി സമയം പ്രതിമാസം നാല് മണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ അനുവദിക്കുന്നതിലൂടെ ദുബായിലെ രാവിലത്തെ ഗതാഗത കുരുക്ക് 30% കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ കണക്കിലെടുത്താണ് അധികൃതർ മുന്നോട്ട് പോകുന്നത്.
20 ശതമാനം ജീവനക്കാർ വിദൂരജോലി ചെയ്യുകയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം 9.8 ശതമാനവും അൽ ഖൈൽ റോഡിൽ 8.4 ശതമാനവും കുറയും. സൗകര്യപ്രദമായ ജോലി സമയം തെരഞ്ഞെടുക്കുന്നതിലൂടെ ഷെയ്ഖ് സായിദ് റോഡിൽ 5.7 ശതമാനവും അൽ ഖൈൽ റോഡിൽ 5 ശതമാനവും ഗതാഗത തിരക്ക് കുറയ്ക്കാനാകുമെന്നും ബന്ധപ്പെട്ടവർ വാർത്താകുറിപ്പിൽ പറഞ്ഞു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ)യും ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ് (ഡിജിഎച്ച്ആർ) വകുപ്പും ചേർന്ന് നടത്തിയ രണ്ട് സർവേകളുടെ ഫലം പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.
ആദ്യ സർവേ 644 കമ്പനികളിലെ 320,000ത്തിലധികം ജീവനക്കാരെ ഉൾപ്പെടുത്തിയുള്ളതായിരുന്നു. രണ്ടാമത്തേത് സ്വകാര്യ മേഖലയിൽ നിന്നുള്ള 12,000 ജീവനക്കാരെ ഉൾപ്പെടുത്തിയുള്ളതും. 32 ശതമാനം സ്വകാര്യ കമ്പനികളും നിലവിൽ റിമോട്ട് വർക് നയം നടപ്പിലാക്കുന്നുണ്ട്. 58 ശതമാനം പേർ റിമോട്ട് ജോലി സമ്പ്രദായം സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.
31 ശതമാനം കമ്പനികളും ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കിയിട്ടുണ്ട്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്രാഫിക് ഫ്ലോ പ്ലാനിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ സർവേകൾ പ്രഖ്യാപിച്ചത്. വർഷത്തിൽ നിരവധി ദിവസങ്ങൾ വിദൂര ജോലിക്കായി തെരഞ്ഞെടുക്കാൻ ചില കമ്പനികൾ ജീവനക്കാർക്ക് അനുവാദം നൽകുന്നുണ്ട്. ചില സർക്കാർ സ്ഥാപനങ്ങൾ രാവിലെ 6.30നും 8.30നുമിടയിൽ ജോലി ആരംഭിക്കുന്നതിന് സൗകര്യം നൽകുന്നു. ഈ സ്ഥാപനങ്ങളിൽ 80 ശതമാനവും ജീവനക്കാർക്ക് ആഴ്‌ചയിൽ രണ്ട് ദിവസം വിദൂരമായി ജോലി ചെയ്യാനുള്ള അവസരവും നൽകുന്നുണ്ട്..
ട്രക്കുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നത് വർധിപ്പിച്ചും, ബസുകൾക്കും ടാക്‌സികൾക്കും വേണ്ടിയുള്ള പ്രത്യേക പാതകൾ വ്യാപിപ്പിച്ചും, താമസക്കാരെയും സന്ദർശകരെയും സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചും, ജീവനക്കാർക്ക് കാർ പൂളിംഗ് നടപ്പാക്കിയുമുള്ള നീക്കങ്ങൾ ഈ ദിശയിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.