ദുബൈ – അഞ്ചു മാസത്തെ വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ദുബൈ ഫൗണ്ടൻ സന്ദർശകർക്കായി വീണ്ടും തുറന്നു. ലോകത്തിലെ ഏറ്റവും വലിയ കൊറിയോഗ്രാഫ്ഡ് ഫൗണ്ടൻ സിസ്റ്റങ്ങളിലൊന്നാണ് ദുബൈ ഫൗണ്ടൻ. ബുർജ് ഖലീഫയുടെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന ഫൗണ്ടൻ, വർണശബളമായ ലൈറ്റുകളുടെയും സംഗീതത്തിന്റെയും ജലധാരയുടെയും സമന്വയത്തിലൂടെ ദശലക്ഷക്കണക്കിന് സഞ്ചാരികൾക്ക് അത്ഭുതക്കാഴ്ചയാണ്. ദുബായിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകിക്കൊണ്ടാണ് ഫൗണ്ടൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങുന്നത്.
ഒക്ടോബർ ഒന്ന് മുതൽ ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 11 വരെ 30 മിനിറ്റ് ഇടവേളകളിൽ ഫൗണ്ടൻ ഷോകൾ ഉണ്ടാകും. ഓരോ ഷോയും ഏകദേശം 3 മുതൽ 5 മിനിറ്റ് വരെ നീണ്ടുനിൽക്കും. ക്ലാസിക്കൽ, സമകാലിക, അറബിക് സംഗീതങ്ങൾക്കൊത്ത് നൃത്തം ചെയ്യുന്ന ജലധാരകൾ കാഴ്ചക്കാർക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക.
ഫൗണ്ടന്റെ സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിലാണ് നവീകരണത്തിന്റെ ആദ്യ ഘട്ടം പ്രധാനമായും ശ്രദ്ധിച്ചത്. നവീകരിച്ച നോസിലുകളും പമ്പുകളും കൂടുതൽ കൃത്യതയോടെയും ഉയരത്തിലും വെള്ളം ചീറ്റാൻ സഹായിക്കുന്നു. 140 മീറ്റർ വരെ ഉയരത്തിൽ ജലധാരകൾ ഉയർത്താൻ ഇപ്പോൾ സാധിക്കും. കൂടുതൽ തിളക്കവും ഊർജക്ഷമതയും ഉള്ള പുതിയ LED ലൈറ്റിംഗ് ജലധാരയെ കൂടുതൽ വർണശബളമാക്കും. ഇതിനൊപ്പം പുതുക്കിയ ഓഡിയോ സംവിധാനം കൂടുതൽ വ്യക്തവും ആകർഷകവുമായ സംഗീതം ആസ്വാദകർക്ക് നൽകും.
ബുർജ് ഖലീഫ തടാകത്തിനും ദുബൈ മാൾ പ്രൊമനേഡിനും ചുറ്റുമുള്ള ഫൗണ്ടൻ കാണാനുള്ള സ്ഥലങ്ങളിൽ പ്രവേശനം സൗജന്യമാണ്. എന്നാൽ, ഫൗണ്ടനിൽ നിന്ന് 9 മീറ്റർ അകലെയുള്ള ഫ്‌ലോട്ടിംഗ് പ്ലാറ്റ്‌ഫോം ആയ ഫൗണ്ടൻ ബോർഡ് വാക്ക്, അബ്ര ബോട്ട് റൈഡുകൾ തുടങ്ങിയ പ്രീമിയം അനുഭവങ്ങൾക്ക് ടിക്കറ്റ് ആവശ്യമാണ്. 20 മുതൽ 65 വരെ ദിർഹമാണ് ടിക്കറ്റ് നിരക്ക്.
ഫൗണ്ടൻ പുനരാരംഭിക്കുന്നു എന്ന വാർത്തയും പുതിയ അനുഭവത്തെക്കുറിച്ചുള്ള പ്രതീക്ഷയും കാരണം വലിയ ജനക്കൂട്ടം തന്നെ ഫൗണ്ടൻ കാണാനെത്തും എന്നാണ് കരുതുന്നത്. മികച്ച കാഴ്ചകൾക്കായി നേരത്തെ എത്തണമെന്നും, അല്ലെങ്കിൽ ദുബൈ മാളിന്റെയോ എമാർ പ്രോപ്പർട്ടീസിന്റെയോ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി പ്രീമിയം അനുഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 2026 രണ്ടാം പാദത്തിൽ ആരംഭിക്കുന്ന അടുത്ത ഘട്ടത്തിൽ, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള സാങ്കേതികവിദ്യകളും സവിശേഷതകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
2009-ൽ പ്രവർത്തനം ആരംഭിച്ച ദുബൈ ഫൗണ്ടൻ 30 ഏക്കറിലായാണ് വ്യാപിച്ചു കിടക്കുന്നത്. ഇതിൽ 6000ത്തിലധികം ലൈറ്റുകളും 25 കളർ പ്രൊജക്ടറുകളും ഉണ്ട്. ബുർജ് ഖലീഫ, ദുബൈ മാൾ തുടങ്ങിയവയുടെ ആകർഷണം ഇത് വർധിപ്പിക്കുന്നു. ഫൗണ്ടൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങുന്നത് ദുബൈയിലെ ടൂറിസം, ബിസിനസ് മേഖലകൾക്ക് പുത്തനുണർവ് പകരും. ബുർജ് ഖലീഫ/ദുബൈ മാൾ മെട്രോ സ്റ്റേഷൻ വഴി ഫൗണ്ടനിൽ എത്തിച്ചേരാം. തിരക്കേറിയ സമയങ്ങളിൽ ഷെയ്ഖ് സായിദ് റോഡിലും ബുർജ് അൽ ബഹാർ സ്ട്രീറ്റിലും ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കാം. കാർ പാർക്കിംഗിന് ദുബൈ മാൾ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താം.