ദുബൈ: മാതാവിനെ ആക്രമിച്ച കേസിൽ അറബ് വംശജരായ രണ്ട് വനിതകൾക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു. നേരത്തേ ദുബൈ ക്രിമിനൽ കോടതി 1,000 ദിർഹം വീതം പിഴ ചുമത്തിയിരുന്നു.
ഉമ്മ അനുഭവിച്ച ശാരീരികവും വൈകാരികവും മാനസികവുമായ ഉപദ്രവങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്രിമിനൽ കോടതി വിധിക്ക് ശേഷം കേസ് സിവിൽ കോടതിയിലേക്ക് മാറ്റിയത്.
ആക്രമണം നടന്നതിന് തെളിവായി ക്രിമിനൽ കോടതി വിധി സിവിൽ കോടതി സ്വീകരിച്ചു. മാനസിക വേദനയും അന്തസ്സിനും വികാരങ്ങൾക്കും ഉണ്ടായ പരിക്കും ഉൾപ്പെടുന്ന മാനസിക ഉപദ്രവങ്ങൾ വിലയിരുത്തൽ കോടതിയുടെ വിവേചനാധികാരത്തിന് വിധേയമാണെന്ന് സ്ഥാപിത നിയമതത്ത്വങ്ങൾ ഉദ്ധരിച്ച് സിവിൽ കോടതി വ്യക്തമാക്കി.
തെളിവുകൾ പരിശോധിച്ച ശേഷം, ആക്രമണത്തിൽ ഉമ്മയ്ക്ക് ശാരീരികവും വൈകാരികവും മാനസികവുമായ ഉപദ്രവങ്ങൾ സംഭവിച്ചതായി കോടതി കണ്ടെത്തി. അതിനാൽ, പെൺമക്കൾ സംയുക്തമായി 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും വിധി അന്തിമമാകുന്ന തീയതി മുതൽ അഞ്ച് ശതമാനം നിയമപരമായ പലിശയോടെ തുക കൈമാറണമെന്നും സിവിൽ കോടതി ഉത്തരവിട്ടു.