അബൂദാബി– യുഎഇ തലസ്ഥാന നഗരിയിൽ ഡെലിവറി സാധനങ്ങൾ ഇനി വേഗത്തിൽ പറന്നെത്തും. ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്‌സൽ വിതരണ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി അബൂദാബി. ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനാണ് ഇത് വഴിയൊരിക്കിയിരിക്കുന്നത്. അബൂദാബി ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്പോർട്ടിനു കീഴിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും ഓട്ടോണമസ് ഏരിയൽ ലോജിസ്റ്റിക്സിൽ വൈദഗ്ധ്യമുള്ള ലോഡ് ഓട്ടോണമസ് കമ്പനിയുമായി സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷണത്തിന്റെ ഭാഗമായി ഡ്രോൺ അൽസംഹ പ്രദേശത്തു നിന്ന് ഖലീഫ ഇൻഡസ്ട്രിയൽ സോൺ അബൂദാബിയിലേക്ക് പാക്കേജ് എത്തിച്ചു. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത നൂതന നാവിഗേഷൻ സംവിധാനത്തെ ആശ്രയിച്ചാണ് ഡ്രോൺ പറന്നത്.
അബൂദാബിയെ സ്മാർട്ട് മൊബിലിറ്റിയുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ പരീക്ഷണമെന്ന് ‘ലോഡ് ഓട്ടോണമസ്’ കമ്പനി സിഇഒ റാഷിദ് മത്തർ അൽമനാഇ പറഞ്ഞു. ഇതിനോടൊപ്പം 300 കിലോമീറ്റർ ദൂരം വരെ 250 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിവുള്ള ഹൈബ്രിഡ് ലംബ ടേക്ക് ഓഫ് ലാൻഡിംഗ് കാർഗോ ഡ്രോണായ ഹെലിയെ കുറിച്ചുള്ള വിവരങ്ങളും ‘ലോഡ് ഓട്ടോണമസ്’ പുറത്തുവിട്ടു.
പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുകൾ സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഈ ഹൈബ്രിഡ് സംവിധാനം ഇന്ധക്ഷമത വർധിപ്പിക്കുന്നു. ഇതിലൂടെ സാധാരണ ദിവസങ്ങളോളമെടുക്കുന്ന ഡെലിവറികൾ മണിക്കൂറുകൾക്കുള്ളിൽ ചെയ്യാൻ സാധിക്കും. ഇത് മേഖലയിലുടനീളമുള്ള മീഡിയം-റേഞ്ച് ചരക്ക് ഗതാഗതത്തെ മാറ്റിയെഴുതും. ലോജിസ്റ്റിക്സിൽ ഡ്രോണുകളുടെ ഉപയോഗം ഡെലിവറി സമയം കുറക്കാൻ സഹായിക്കുകയും ഇ-കൊമേഴ്‌സിന്റെയും ആധുനിക വിതരണ ശൃംഖലകളുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതായി റാശിദ് മതർ അൽമനാഇ കൂട്ടിച്ചേർത്തു.