അബുദാബി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ നാല് ദിനത്തെ ഗൾഫ് സന്ദർശനത്തിന്റെ അവസാന ഘട്ടമായി യു.എ.ഇയില്‍ എത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി പ്രസിഡൻഷ്യൽ ടെർമിനലിൽ ട്രംപിനെ ഊഷ്മളമായി സ്വീകരിച്ചു.
അബുദാബിയിൽ എത്തിയ ഉടൻ ട്രംപ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. തന്റെ സന്ദർശനത്തിനായി പള്ളി ഒരു ദിവസത്തേക്ക് അടച്ചത് യു.എസിനുള്ള “വലിയ ബഹുമതി” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ട്രംപിന്റെ സന്ദർശനം യു.എ.ഇ-യു.എസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എ.െഎ, ക്രിപ്റ്റോകറൻസി, ബ്ലോക്ക്ചെയിൻ, മൈക്രോചിപ്‌സ് തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ലക്ഷ്യം.
ഖത്തറിൽ നിന്ന് യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ്, ഇറാനുമായുള്ള ആണവ കരാർ ചർച്ചകളിൽ പുരോഗതി ഉണ്ടായതായി സൂചിപ്പിച്ചു. “ഇറാൻ ആണവായുധം നിർമിക്കില്ലെന്ന് ഏകദേശം സമ്മതിച്ചിട്ടുണ്ട്. ഒരു കരാർ ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു. എന്നാൽ, കരാർ നടക്കാത്ത പക്ഷം സൈനിക നടപടികൾ ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യു.എ.ഇയുടെ എ.െഎ മേഖലയിലെ വളർച്ചയ്ക്ക് ട്രംപിന്റെ സന്ദർശനം കൂടുതൽ ഊർജം പകരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യു.എ.ഇ സന്ദർശനത്തിന് ശേഷം, റഷ്യ-ഉക്രൈൻ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെങ്കിൽ ട്രംപ് തുർക്കിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.