അബുദാബി: പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓണ്‍ലൈനിലൂടെ അപരിചതനായ യുവാവിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അല്‍ ഐന്‍ കോടതി പിതാവിന് 3000 ദിര്‍ഹം പിഴ ചുമത്തി. സ്‌നാപ് ചാറ്റിലൂടെയാണ് കുട്ടി യുവാവിന് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. തനിക്കുണ്ടായ വൈകാരികവും ധാര്‍മികവുമായ പ്രയാസങ്ങള്‍ക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവ് കോടതിയെ സമീപിച്ചത്.
ഇരയ്ക്കുണ്ടായ മാനസികവിഷമങ്ങള്‍ കണക്കിലെടുത്താണ് പിതാവിനോട് 3000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നും, ഭീഷണിപ്പെടുത്തുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍, പ്രത്യേകിച്ച് സൈബര്‍ കുറ്റകൃത്യങ്ങളും സോഷ്യല്‍ മീഡിയയിലെ ദുരുപയോഗവും ഉള്‍പ്പെടുന്ന കേസുകളില്‍, മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യം സംബന്ധിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ദുബായ് പൊലീസിന്റെ ഇ-ക്രൈം സേവനം, ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ കുറ്റകൃത്യ റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴിയോ അല്ലെങ്കില്‍ 999 എന്ന നമ്പറിലുള്ള ഹോട്ട്ലൈനുകള്‍ വഴിയോ പരാതി നല്‍കാം. യുഎഇയിലെ സൈബര്‍ കുറ്റകൃത്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 43 അനുസരിച്ച് ഗുരുതരമായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കും മാനനഷ്ടത്തിനും 2,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും.