ഷാർജ – യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറ്റിപ്പുറം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ പുറത്തിറക്കിയ ആദ്യ മാഗസിനായ ‘സെമസ്റ്റർ, ബിയോണ്ട് ദി സിലബസ്’ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ഹിറ്റ് എഫ്.എം ആർ.ജെ അർഫാസ് എഴുത്തുകാരി ഷീല പോളിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
280 പേജുകളിലായി നൂറിലധികം വ്യത്യസ്തങ്ങളായ രചനകൾ അടങ്ങിയ മാഗസിനെ ആർട്സ് സെക്രട്ടറി കൂടിയായ തസ്ലീന ഷബീൽ പരിചയപ്പെടുത്തി. ഭാരതപ്പുഴയുടെ തീരത്തു നിലകൊള്ളുന്ന എൻജിനീയറിങ് കോളേജും അവിടെനിന്ന് നേടിയെടുത്ത അനുഭവങ്ങളും അറിവുമൊക്കെ കൂടിച്ചേർന്ന കഥകൾ, കവിതകൾ, യാത്രാക്കുറിപ്പുകൾ, ഓർമക്കുറിപ്പുകൾ, കെട്ടുകഥകൾ, ശാസ്ത്രം, അനുഭവങ്ങൾ എല്ലാം മാഗസിന്റെ ഭാഗമാകുന്നുണ്ടെന്ന് എഡിറ്റർ രജീഷ് കെ. മീത്തൽ വിശദീകരിച്ചു.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ജോസഫ്, എഴുത്തുകാരായബഷീർ തിക്കോടി, രാധാകൃഷ്ണൻ മച്ചിങ്ങൽ, നിഷ രത്നമ്മ, പ്രതാപൻ തായാട്ട്, അലുമ്നി ഭാരവാഹികളായ ഫുആദ്, സുഹെയ്ന, റിയാസ്, മുഹമ്മദ്, നജിഹത്ത്, നസീഫ് നഹ തുടങ്ങിയവർ പങ്കെടുത്തു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് അർഷദ് മജീദ് സ്വാഗതവും സെക്രട്ടറി ഹംസത് സജ്ജാദ് നന്ദിയും പറഞ്ഞു. ഹരിതം ബുക്സാണ് മാഗസിന്റെ പ്രസാധകർ.



