അബുദാബി: സോഷ്യൽ മീഡിയയിൽനിന്ന് കണ്ടുമുട്ടിയ യാത്രയെ സ്നേഹിക്കുന്ന മലയാളികളായ ഒരുകൂട്ടം പേരുടെ ആശയം ചെന്നെത്തിയത് യു.എ.ഇയിൽ നിന്നും കേരളത്തിലേക്കുള്ള റോഡ് മാർഗ്ഗമുള്ള യാത്രയിലാണ്. രണ്ട് സഹോദരൻമാർ അടക്കമുള്ള 9 അംഗ കൂട്ടുകാർ അബുദാബി മുറൂർ പാർക്കിൽ യാത്രക്കായി ഒത്തുകൂടി, ദുബായിലെ അൽ ഖൂസിലെ കഫേ റൈഡർ കസ്റ്റത്തിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
52 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് വേണം കേരളത്തിലെത്താൻ.
നേരത്തെ രണ്ട് വാഹനങ്ങളിൽ രണ്ട് പേർ എന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തത്. കൂടുതൽ പേർ താൽപര്യത്തോടെ മുന്നോട്ടുവന്നപ്പോൾ മൂന്ന് ഫോർവീലറിലും ഒരു ബൈക്കിലുമായി 9 പേർ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

52 വയസ്സുള്ള സുധീർ ഒരുമനയൂരാണ് ടീമിന്റെ ക്യാപ്റ്റൻ. 30 വയസ്സുള്ള റഹീസാണ് ടീമിലെ പ്രായം കുറഞ്ഞ അംഗം.സഹോദരനായ റമീസിനൊപ്പം ബൈക്കിലാണ് റഹീസും യാത്ര ചെയ്യുന്നത്. അബ്ദുൽ നിസാർ നരിപ്പാറ്റകുന്നേൽ, മഹ്ഫൂസ് ബാപ്പാനകത്ത്, വസീം മുഹമ്മദ്, അനസ് തൈവളപ്പിൽ സിദ്ദീഖ്, സുനീർ പുളളത്തുൽപറമ്പിൽ, മുജീബ് തെനിസേർകണ്ടി എന്നിവരാണ് മറ്റ് അംഗങ്ങൾ.
ദുബായിൽ നിന്ന് ഷാർജ ഖാലിദ് പോർട്ട് വഴി ഇറാനിലെത്തുന്ന സംഘം 9 ദിവസം ഇറാനിലെ കാഴ്ചകൾ കാണാൻ ചെലവിടും. പിന്നീട് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, വീണ്ടും കസാഖിസ്ഥാൻ വഴി ചൈനയിലെത്തും. 20 ദിവസത്തെ ചൈനീസ് കാഴ്ചകൾ കണ്ട് നേപ്പാളിലെത്തുന്ന സംഘം ഉത്തർ പ്രദേശ് വഴിയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ശേഷം വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് ജൂൺ 20ന് കേരളത്തിലെത്തുന്ന രീതിയിലാണ് യാത്രാപദ്ധതി. ഒൻപത് അംഗ സംഘത്തിൽ 4 പേർ ബിസിനസ്സുകാരാണ്. ബാക്കിയുള്ളവർ ജോലിയിൽ നിന്ന് അവധിയെടുത്താണ് യാത്രക്കായി ഒരുങ്ങിയത്.