അബൂദാബി– മാടായി കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ, കണ്ണൂർ ജില്ലാ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന ‘എ.കെ.എം മാടായി’ എന്ന എ.കെ മഹമൂദിന്റെ മുഖപുസ്തക കുറിപ്പുകൾ സമാഹരിച്ചുള്ള പുസ്തകപ്രകാശനം ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഹംദാൻ സ്ട്രീറ്റിലെ റഹ്‌മത്ത് കാലിക്കറ്റ് റെസ്റ്റോറന്റിൽ വച്ചാണ് ചടങ്ങ് നടക്കുക. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ ‘എ കെ മാടായി’ യുടെ കുറിപ്പുകൾ ഏറെ പ്രസിദ്ധമായിരുന്നു. രോഗാവസ്ഥയിൽ ചികിത്സയിൽ ആയിരിക്കുമ്പോഴും മനോധൈര്യം കൈവിടാതെയുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റുകൾ ഇന്നും ചർച്ചയാവുന്നുണ്ട്. ഈ അവസരത്തിലാണ് അബൂദാബി മാടായി കെ.എം.സി.സി. ഇത്തരം ഒരു പുസ്തകം പുറത്തിറക്കുന്നത്.
പുസ്തക പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ കല്ലായി നിർവഹിക്കും. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, അബുദാബി സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും അവിസ്മരണീയമായ സംഭാവനകൾ നൽകിയ എ.കെ.എം. മാടായിയുടെ ഓർമ്മയ്ക്ക് അർപ്പണമാകുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.