ദുബായ്: ദുബായ് സഫാരി പാര്‍ക്കിലെ ഏറ്റവും പ്രായം കൂടിയ മൃഗങ്ങളിലൊന്നായ ഡാലിയ എന്ന ജിറാഫിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. ഡാലിയയ്ക്ക് ഏറെ ഇഷ്ടപെട്ട പച്ചക്കറികൾ കൊണ്ട് ഒരുക്കിയ മനോഹരമായ പിറന്നാൾ കേക്കും പാര്‍ക്ക് അധികൃതര്‍ ഒരുക്കി നല്‍കി. സന്ദര്‍ശകരുമായി വളരെ സൗമ്യമായി ഇടപഴകുന്ന മൃഗങ്ങളിലൊന്നാണിത്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സേര്‍വേഷന്‍ ഓഫ് നേച്ചറിന്റെ പട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന റെറ്റിക്യൂലേറ്റഡ് ജിറാഫ് വിഭാഗത്തില്‍പ്പെട്ടതാണ് ഡാലിയ.നിലവില്‍ ലോകമെമ്പാടുമായി 11000-ല്‍ താഴെ ജിറാഫുകള്‍ മാത്രമേ ഈ ഇനത്തില്‍ അവശേഷിക്കുന്നുള്ളൂ. സാധാരണ കാട്ടിലെ ജിറാഫുകളുടെ ആയുസ് 25 വര്‍ഷമാണ്. എന്നാല്‍ ജിറാഫുകളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ മികച്ച പരിപാലനമാണ് ദുബായ് സഫാരി പാര്‍ക്കില്‍ ലഭ്യമാക്കുന്നത്. മൃഗഡോക്ടര്‍മാരുടെ പതിവ് പരിശോധനകൾക്ക് പുറമേ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ മരുന്നുകളും നല്‍കുന്നുണ്ട്.
ഡാലിയയും മൃഗസംരക്ഷകനായ ഹെന്റി കയോണ്ടയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഒരു വിഡീയോയും പിറന്നാള്‍ ദിനത്തില്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വിവിധ ഇനങ്ങളില്‍പ്പെട്ട 3000 ലേറെ പക്ഷി-മൃഗാദികളുടെ ആവാസകേന്ദ്രമാണ് ദുബായ് സഫാരി പാര്‍ക്ക്. പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഷട്ടില്‍ ട്രെയിനുകള്‍ ഉള്‍പ്പടെ മികച്ച സൗകര്യങ്ങളുണ്ട്. കൊടും ചൂടില്‍ നിന്നും മൃഗങ്ങളെ സംരക്ഷിക്കാനായി വേനല്‍ മാസങ്ങളില്‍ സഫാരി പാര്‍ക്ക് അടച്ചിടാറുണ്ട്.ജൂണ്‍ ആദ്യവാരമായിരിക്കും ഇങ്ങനെ അടച്ചിടുക എന്നാണ് സൂചന.