അബൂദാബി – സ്വന്തമായി എടുത്ത ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ച വൻ തുക സുഹൃത്തുക്കളുമായി പങ്കുവെച്ച് മാതൃകയാവുകയാണ് ഒരു പ്രവാസി. അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടര കോടി ദിർഹം (ഏകദേശം 61.9 കോടി രൂപ) സ്വന്തമാക്കിയ ചെന്നൈ സ്വദേശി ശരവണൻ വെങ്കിടാചലമാണ് ഈ ഭാഗ്യം 25 സുഹൃത്തുക്കൾക്കായി വീതിച്ചു നൽകിയത്. ആറ് വർഷമായി അബൂദാബിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം തനിച്ച് ടിക്കറ്റ് എടുത്തിട്ടും തന്റെ വിജയം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സമ്മാനത്തുകയുടെ ഒരു വിഹിതം മകന്റെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ച ശരവണൻ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ ഇന്നും സജീവമാണ്.
സമാനമായ രീതിയിൽ ബംഗ്ലാദേശി പ്രവാസിയായ ജഹാംഗീർ ആലം തനിക്ക് ലഭിച്ച രണ്ട് കോടി ദിർഹം 14 സുഹൃത്തുക്കളുമായി പങ്കുവെച്ചു. സമ്മാനത്തുക ഉപയോഗിച്ച് ദുബൈയിൽ ബിസിനസ് ആരംഭിക്കാനും കുടുംബത്തെ സഹായിക്കാനുമാണ് ഇദ്ദേഹത്തിന്റെ പദ്ധതി. കേരളത്തിൽ നിന്നുള്ള ഗീതമ്മാൾ ശിവകുമാർ ബിഗ് ടിക്കറ്റിലൂടെ ലഭിച്ച ആഡംബര കാർ പണമാക്കി മാറ്റി അപ്പാർട്ട്‌മെന്റിലും ഓഹരികളിലും നിക്ഷേപിച്ച് തന്റെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കി. കഴിഞ്ഞ വർഷം മാത്രം 30 കോടിയോളം ദിർഹം സമ്മാനമായി നൽകിയ ബിഗ് ടിക്കറ്റ് നിരവധി പ്രവാസികളുടെ ജീവിതത്തിലാണ് ഐശ്വര്യം കൊണ്ടുവന്നത്.



