ദുബായ്: ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് ദുബായിൽ വ്യാപാരം നടത്താൻ സഹായിക്കുന്ന ഭാരത് മാർട്ട്, 2026 അവസാനം തുറക്കും. ദുബായ് ജബൽ അലി ഫ്രീസോൺ മേഖലയിലായിരിക്കും 27 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഭാരത് മാർട്ട് വരിക. 1,500 ഇന്ത്യൻ വാണിജ്യസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കും. ഇന്ത്യൻ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതികൂടിയാണിത്.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശനത്തിലായിരുന്നു ഭാരത് മാർട്ട് തുറക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നത്. ശൈഖ് ഹംദാന്റെയും ഇന്ത്യൻ വാണിജ്യവ്യവസായമന്ത്രി പിയൂഷ് ഗോയലിന്റെയും സാന്നിധ്യത്തിൽ പദ്ധതിയുടെ വെർച്വൽ മാതൃക അനാച്ഛാദനംചെയ്തു.
ഭാരത് മാർട്ട് നിർമാണം സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായി ഡി.പി വേൾഡ് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ സുൽത്താൻ അഹമ്മദ്ബിൻ സുലായം അറിയിച്ചു. വിപുലമായ സൗകര്യങ്ങളാണ് ഭാരത് മാർട്ട് സംഭരണകേന്ദ്രത്തിലൊരുക്കുക. ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യുന്ന എല്ലാ വസ്തുക്കളും ഈ കേന്ദ്രത്തിൽലഭ്യമാകും. ഇത് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഏറെ ഉപകാരപ്രദമാകും.